Kerala
k krishnan kutty

കെ.കൃഷ്ണന്‍കുട്ടി

Kerala

മൂലത്തറ ഡാം അഴിമതി; ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി

Web Desk
|
16 Sep 2023 2:14 AM GMT

കോൺഗ്രസിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും മന്ത്രി വ്യക്തമാക്കി

പാലക്കാട്: മൂലത്തറ ഡാം അഴിമതി ആരോപണത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. മന്ത്രിയെന്ന നിലയിൽ ഒരു അനധികൃത ഇടപെടലും നടത്തിയിട്ടില്ല. കോൺഗ്രസിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മൂലത്തറ ഡാം പുനർനിർമാണവുമായി ബന്ധപെട്ട് അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് അനുമതിയായത്. ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ചൂണ്ടികാട്ടി ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലായിരുന്നു നടപടി. എന്നാൽ മന്ത്രി തലത്തിൽ അഴിമതി നടന്നതായി കോൺഗ്രസ് ആരോപിച്ചു. ഒന്നാം പിണറായി സർക്കാറിലെ ജലവിഭവ വകുപ്പ് മന്ത്രിയായ കെ.കൃഷ്ണൻകുട്ടിക്കും പല മുതിർന്ന ജനതാദൾ നേതാക്കൾക്കും അഴിമതിയിൽ പങ്കുണ്ട് എന്നായിരുന്നു ആരോപണം. അതേസമയം വിജിലൻസ് അന്വേഷണം നടക്കട്ടെ എന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വിഷയത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് കോൺഗ്രസും ബിജെപിയും. 2021ലാണ് മൂലത്തറ ഡാമിന്‍റെ പുനർനിർമാണത്തിൽ കോടികളുടെ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന പരാതി ഉയർന്നത്. പ്രളയത്തിൽ തകർന്ന ഡാമിന്‍റെ പുനർനിർമാണത്തിൽ പഴയ ഷട്ടറുകളും കോണ്‍ക്രീറ്റ് തൂണുകളും മിനുക്കു പണികള്‍ ചെയ്യുകമാത്രമാണ് ചെയ്തതെന്നും കരാര്‍ ഉറപ്പിച്ചതിനെക്കാള്‍ പതിനൊന്ന് കോടിയിലധികം രൂപ ചെലവായ വഴി പരിശോധിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.



Similar Posts