ചാന്തുപൊട്ടിലെ ദിലീപിനെ കണ്ടിട്ടില്ലേ, ആ കോലത്തിൽ ആയിക്കോട്ടെന്നാണ്: കെ.എം ഷാജി
|കുട്ടികളിൽ ജെൻഡർ കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണ് ടീച്ചർ വിളിയെന്ന് കെ.എം ഷാജി
കോഴിക്കോട്: അധ്യാപകരെ ടീച്ചർ എന്ന് വിളിക്കണമെന്ന ബാലാവകാശ കമ്മീഷൻ നിർദേശത്തെ ആക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കുട്ടികളിൽ ജെൻഡർ കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണ് ടീച്ചർ വിളി. ഒരു മതവും ഇത് അംഗീകരിക്കില്ല. എല്‍ജിബിടിക്യു നാട്ടിന്‍പുറത്തെ തല്ലിപ്പൊളി പരിപാടിയാണെന്നും കെ.എം ഷാജി പറഞ്ഞു.
"ഇതൊരു അപകടം പിടിച്ച പണിയാണ്. ഭാര്യ പ്രസവിച്ചാല്‍ കുട്ടിയുടെ ജെന്‍ഡര്‍ നിങ്ങള്‍ തീരുമാനിക്കരുത്, അവളെന്ന് വിളിക്കരുത്, അവനെന്ന് വിളിക്കരുത്, പെണ്ണിന്റെ പേരിടരുത്, ആണിന്റെ പേരിടരുത്, വലുതായതിന് ശേഷമേ തീരുമാനിക്കാവൂ ആണാണോ പെണ്ണാണോ എന്നെല്ലാമാണ് പറയുന്നത്. ചാന്തുപൊട്ടിലെ ദിലീപിനെ കണ്ടിട്ടില്ലേ നിങ്ങള്‍? ആ കോലത്തിൽ ആയിക്കോട്ടെന്നാണ്. ഏത് മതവിശ്വാസിയാണ് അങ്ങനെ വിശ്വസിക്കുക? എന്തിനാ നിങ്ങള്‍ ജെന്‍ഡര്‍ കണ്‍ഫ്യൂഷനുണ്ടാക്കുന്നത്? അടുത്ത തലമുറ ജെന്‍ഡര്‍ കണ്‍ഫ്യൂഷന്റെ മുന്നില്‍ നില്‍ക്കുകയാണ്"- കെ.എം ഷാജി പറഞ്ഞു.
ഐഡന്റിറ്റി പൊളിറ്റിക്സിനെ കുറിച്ചും കെ.എം ഷാജി പറഞ്ഞു- "ഞങ്ങള്‍ക്ക് ബേസിക് പൊളിറ്റിക്സുണ്ട്. അത് ഐഡന്റിറ്റി പൊളിറ്റിക്സാണ്. മുസ്ലിമെന്ന് പറഞ്ഞുകൊണ്ടുതന്നെ ഇവിടെ ജീവിക്കണം, ഹിന്ദുവെന്ന് പറഞ്ഞുകൊണ്ടുതന്നെ ഇവിടെ ജീവിക്കണം. വെറുതെ ആരുടെയെങ്കിലും ഔദാര്യത്തില്‍ മരക്കഷ്ണമായി ജീവിക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. കാരണം ഇത് ഗാന്ധിജി ഞങ്ങള്‍ക്ക് ഉറപ്പുതന്ന വാക്കാണ്, ഞങ്ങള്‍ ഒരുമിച്ചു പൊരുതിയെടുത്ത ഇന്ത്യയാണ്"- കെ.എം ഷാജി പറഞ്ഞു.