അടയിരുന്ന് പഠിച്ചില്ല, എന്നിട്ടും നാലാം ശ്രമത്തില്‍ സ്വപ്‌നനേട്ടം; മലയാളത്തിന്റെ അഭിമാനമായി മീര
|പരീക്ഷ അടുത്ത സമയങ്ങളില്‍ മാത്രം 12 മണിക്കൂറൊക്കെ പഠനത്തിനായി ഇരിക്കും. അല്ലാതെ സമയം മുഴുവന്‍ സിവില്‍ സര്‍വീസിനായി മാറ്റിവച്ചിരുന്നില്ലെന്നാണ് സിവില്‍ സര്‍വീസില്‍ ആറാം റാങ്ക് നേടിയ തൃശൂര്‍ സ്വദേശിനി കെ. മീര പറയുന്നത്
സാധാരണ സിവില്‍ സര്‍വീസ് ജേതാക്കളെപ്പോലെയൊന്നുമല്ല മീര. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതൊട്ടേ അധ്യാപികയായ അമ്മയും ബിസിനസുകാരനായ അച്ഛനും മകളോട് സിവില്‍ സര്‍വീസ് സ്വപ്‌നങ്ങളെക്കുറിച്ച് പറഞ്ഞുപഠിപ്പിക്കാന്‍ നോക്കിയിരുന്നു. പഠിച്ചത് പതിനെട്ടും പയറ്റിനോക്കിയിട്ടും ഫലമുണ്ടായില്ല. മീരയ്ക്ക് അങ്ങനെയൊരു ചിന്തയേ ഉണ്ടായിരുന്നില്ല.
സാധാരണ കുട്ടികളെപ്പോലെ ബിരുദമോ ബിരുദാനന്തര ബിരുദമോ ഒക്കെ നേടണം. ഒരു ജോലി സ്വന്തമാക്കണം. ഇതിനപ്പുറം സിവില്‍ സര്‍വീസ് പോലെയുള്ള വലിയ സ്വപ്നങ്ങമൊന്നുമുണ്ടായിരുന്നില്ല. എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി ബാംഗ്ലൂരില്‍ ജോലി നേടി. ഇതിനിടയിലാണ് ചെറുപ്പത്തില്‍ അമ്മയും അച്ഛനും ഉള്ളില്‍ കുത്തിവച്ച സിവില്‍ സര്‍വീസ് സ്വപ്‌നം പൊങ്ങിവരുന്നത്. അങ്ങനെ ഒരുകൈ നോക്കിയേക്കാമെന്ന് ഉറപ്പിച്ചു.
തിരുവനന്തപുരത്തായിരുന്നു പരിശീലനം. അവിടെ കൂടെയുണ്ടായിരുന്നവരുടെയും മുതിര്‍ന്ന ഉദ്യോഗാര്‍ത്ഥികളുടെയുമെല്ലാം പിന്തുണയുണ്ടായിരുന്നു. കൃത്യമായ പഠിത്തമൊന്നുമൊന്നുമുണ്ടായിരുന്നില്ല. പഠനം സാധാരണ സമയങ്ങളിലും ഇടവേളകളിലുമൊക്കെ തുടര്‍ന്നു. പരീക്ഷ അടുത്ത സമയങ്ങളില്‍ മാത്രം 12 മണിക്കൂറൊക്കെ പഠനത്തിനായി ഇരിക്കും. അല്ലാതെ സമയം മുഴുവന്‍ ഇതിനായി മാറ്റിവച്ചിരുന്നില്ല. ഒടുവില്‍, നാലാമത്തെ ശ്രമത്തില്‍ ഒട്ടും പ്രതീക്ഷിക്കാനാകാത്ത നേട്ടമാണ് മീര സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ലക്ഷക്കണക്കിനുപേര്‍ എഴുതിയ പരീക്ഷയില്‍ ആറാം സ്ഥാനവുമായി മലയാളികള്‍ക്കു മൊത്തം അഭിമാനമായിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ കെ മീര.
ഒരുപാട് പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയിലാണ് ഈ നേട്ടമെന്നത് ഏറെ പ്രതീക്ഷ തരുന്നതാണെന്ന് മീര പറയുന്നു. കോവിഡ് മഹാമാരി കാരണം ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ട്. കേരള കേഡറാണ് പ്രഥമ പരിഗണനയെന്നും മീര പറയുന്നു.