'നാളെ രാത്രി വരെ ബിജെപിക്ക് നല്ല പ്രതീക്ഷയുണ്ടാവും, കൗണ്ടിങ് തുടങ്ങുമ്പോൾ അത് തീരും'; കെ.മുരളീധരൻ
|കേരളത്തിന്റെ അവസ്ഥ വച്ചാണെങ്കില്‍ എക്‌സിറ്റ് പോള്‍ വിശ്വസിക്കാനാകില്ലെന്നും കെ.മുരളീധരൻ
തൃശൂർ: എന്ത് തന്നെ സംഭവിച്ചാലും മോദിക്ക് കൈ പൊക്കാൻ കേരളത്തിൽ നിന്ന് ഒരാൾ പോലും ഡൽഹിക്ക് പോകില്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. കേരളത്തിന്റെ അവസ്ഥ വച്ചാണെങ്കില്‍ എക്‌സിറ്റ് പോള്‍ വിശ്വസിക്കാനാകില്ല. ഒന്നും കിട്ടാത്തവര്‍ക്ക് 48 മണിക്കൂര്‍ സന്തോഷിക്കാന്‍ എക്‌സിറ്റ് പോള്‍ സഹായിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂരിൽ ബിജെപി മൂന്നാമതാവുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. കേന്ദ്രത്തിൽ മോദിക്ക് വേണ്ടി കൈ ഉയർത്താൻ കേരളത്തിൽ നിന്നും ആരും ഉണ്ടാവില്ലെന്നും തന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബിജെപി -സിപിഎം അന്തർധാര ഉണ്ടായിട്ടുണ്ടോ എന്നതിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതികരിക്കാം. കണക്കനുസരിച്ച് തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വരാൻ പാടില്ല. അങ്ങനെ വന്നാൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് മുരളീധരൻ ആരോപിച്ചു. പരമാവധി 25,000 വോട്ടുകൾ വരെ ബിജെപിക്ക് കൂടിയേക്കാം. എന്നാൽ കോൺഗ്രസിന്റെ കണക്കുകൂട്ടലിൽ ബിജെപി മൂന്നാം സ്ഥാനത്ത് തന്നെയാണ്. രാജ്യാമകെയുള്ള ഫലം സംബന്ധിച്ച് പാർട്ടി നേതൃത്വം പറഞ്ഞ അഭിപ്രായം മാത്രമേ തനിക്കും ഉളളുവെന്നും കേവല ഭൂരിപക്ഷത്തോടെ ഇൻഢ്യാ സഖ്യം അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.