കോണ്‍ഗ്രസില്‍ നിന്ന് കുറച്ചെണ്ണം കൂടി പോവാനുണ്ട്, ക്ലിയറാവും: കെ മുരളീധരന്‍
|'മോന്‍സന്‍റെ കേസില്‍ കോണ്‍ഗ്രസുകാരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ നോക്കുന്നതെങ്കില്‍ നടക്കില്ല'
കോൺഗ്രസിൽ നിന്ന് കുറച്ചു പേർ കൂടി പുറത്തു പോകാനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിന്നെ എല്ലാം ശരിയാവും. കെപിസിസി നിർവാഹക സമിതി അംഗം പി വി ബാലചന്ദ്രൻ പാർട്ടി വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മുരളീധരന്‍റെ പ്രതികരണം.
മോന്‍സന്‍റെ കേസില്‍ കോണ്‍ഗ്രസുകാരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ നോക്കുന്നതെങ്കില്‍ നടക്കില്ല. ഏത് അന്വേഷണത്തിനും വെല്ലുവിളിക്കുന്നു. സുധാകരന്‍ തന്നെയാണ് സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞത്. ഇക്കാര്യം പാര്‍ലമെന്‍റില്‍ എംപിമാര്‍ ആവശ്യപ്പെട്ടുകഴിഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു.
ഡിഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണവും വിജയമാവില്ല. അത് സര്‍ക്കാരിനെ രക്ഷിക്കാനാണ്. സർക്കാർ പ്രതിസ്ഥാനത്തു വരുന്ന കേസുകളിലെല്ലാം ശ്രീജിത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥനാവുന്നതിൽ ദുരൂഹതയുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.
പ്രളയ ദുരിതാശ്വാസ ഫണ്ടിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കുക എന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പ്രതിഷേധ ധർണ കലക്ട്രേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ മുരളീധരൻ. രണ്ട് പ്രളയത്തിലും എത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നു? എത്ര വിതരണം ചെയ്തു? ഈ ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. പ്രളയ ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.