Kerala
k muraleedharan
Kerala

മുനമ്പം വഖഫ് ഭൂമി; ബിജെപിയുടെ വർഗീയവത്കരണത്തിന് സിപിഎം കൂട്ടുനിൽക്കുന്നുവെന്ന് മുരളീധരന്‍

Web Desk
|
11 Nov 2024 4:52 AM GMT

സർവകക്ഷിയോഗം നീട്ടിവച്ചത് പ്രശ്നം വഷളാക്കും

പാലക്കാട്: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ബിജെപിയുടെ വർഗീയവത്കരണത്തിന് സിപിഎം കൂട്ടുനിൽക്കുന്നുവെന്ന് കെ.മുരളീധരൻ. സർവകക്ഷിയോഗം നീട്ടിവച്ചത് പ്രശ്നം വഷളാക്കുമെന്നും മറ്റൊന്നും പറയാനില്ലതുകൊണ്ടാണ് സിപിഎം കോൺഗ്രസിൽ പ്രശ്നമുണ്ടെന്ന് പറയുന്നതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. രാഹുലിന്‍റെ വിവാദ പ്രസ്താവന നേരത്തെ കെപിസിസി തള്ളിയതാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

എല്‍ഡിഎഫും ബിജെപിയും ഒരുമിച്ചാണ് കാര്യങ്ങള്‍ നോക്കുന്നത്. അതുകൊണ്ട് തന്നെ സംയുക്ത സ്ഥാനാര്‍ഥി എന്ന് വിശേഷിപ്പിക്കുന്നതാണ് നല്ലത്. പരസ്പരം സഹായിച്ചുകൊണ്ടിരിക്കുകയാണല്ലോ. കൊടകര കുഴല്‍പ്പണം മറച്ചുവയ്ക്കാന്‍ നീല ട്രോളിയുടെ കഥയുണ്ടാക്കി. അങ്ങനെ ഓരോ സന്ദര്‍ഭത്തിലും ഇവരെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മുനമ്പം വിഷയത്തിന്‍റെ കാര്യമെടുത്താല്‍ ആര്‍ക്കും അതിനെക്കുറിച്ച് എതിരഭിപ്രായമില്ല. എല്ലാവരും ഒറ്റക്കെട്ടായി തന്നെ അവിടുത്തെ ജനതയോടൊപ്പമാണ്. കുടിയിറക്കാന്‍ പാടില്ല എന്ന് തന്നെയാണ് ഞങ്ങളുടെ നയം. പക്ഷെ എന്തിനാ ചര്‍ച്ച നീട്ടിവയ്ക്കുന്നത്.അവിടുത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ കഴിയില്ല.

പച്ചക്ക് ജാതി പറയുന്ന അവസ്ഥയില്‍ എത്തിയില്ലേ? ഇന്നലെ ചേലക്കരയില്‍ ഒരു സര്‍ക്കുലര്‍ ഇറങ്ങിയതായി പലരും ചാനലുകളിലും കണ്ടു. കാരണം ഇടത് വലത് മുന്നണികള്‍ വര്‍ഗീയ പ്രീണന നയം സ്വീകരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ബിജെപിക്കാര് പല ക്രൈസ്തവ വീടുകളിലും സര്‍ക്കുലര്‍ ഇറക്കിയതായിട്ടാണ് കണ്ടത്. അതിന്‍റെയൊക്കെ ആവശ്യമെന്തായിരുന്നു. ഇങ്ങനെയൊരു കാര്യത്തിന് വളംവച്ചുകൊടുക്കേണ്ട കാര്യമുണ്ടോ? മുരളീധരന്‍ ചോദിച്ചു. പാലക്കാട് സീറ്റ് യുഡിഎഫ് നിലനിർത്തും. വയനാട്ടില്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷം 5 ലക്ഷം കടക്കും. സിപിഎം ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വീഡിയോ വന്നത് സിപിഎം പ്രവർത്തകരുടെ രോഷത്തിന്‍റെ ഭാഗമായാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫ്-എല്‍ഡിഎഫ് മത്സരമാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

സീപ്ലെയിൻ പദ്ധതി യുഡിഎഫിന്‍റെ കുട്ടിയാണെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് കാലത്ത് പദ്ധതികൊണ്ടുവന്നപ്പോൾ എല്‍ഡിഎഫ് എതിർത്തു. അന്ന് എതിർത്ത മത്സ്യത്തൊഴിലാളികളെ ഇപ്പോൾ കാണാനില്ല. പദ്ധതി 11 വർഷം വൈകിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Related Tags :
Similar Posts