Kerala
മോശം സമയത്തു സംരക്ഷിച്ചത് പാർട്ടി, പാര്‍ട്ടിയുടെ നിലപാടിനൊപ്പം നിൽക്കാത്തത് ശരിയാണോ? തരൂരിനെതിരെ മുരളീധരന്‍
Kerala

മോശം സമയത്തു സംരക്ഷിച്ചത് പാർട്ടി, പാര്‍ട്ടിയുടെ നിലപാടിനൊപ്പം നിൽക്കാത്തത് ശരിയാണോ? തരൂരിനെതിരെ മുരളീധരന്‍

Web Desk
|
22 Dec 2021 1:55 PM GMT

നടപടി എടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഹൈക്കമാൻഡ് ആണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും കെ മുരളീധരന്‍

കെ റെയിൽ സംബന്ധിച്ച നിലപാടില്‍ ശശി തരൂരിനെതിരെ കെ മുരളീധരൻ. പാർട്ടി നിലപാടിനൊപ്പം നിൽക്കാത്തത് ശരിയാണോ എന്ന് തരൂർ ചിന്തിക്കണം. നടപടി എടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഹൈക്കമാൻഡ് ആണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു.

തരൂരിന് മത്സരിക്കാൻ സീറ്റ് നൽകിയത് പാർട്ടിയാണ്. വ്യക്തിപരമായി തരൂരിന് ചിലരുടെ വോട്ട് ഉണ്ടെങ്കിലും ജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാണ്. ആ പാർട്ടിയുടെ നിലപാടിനൊപ്പമാണ് നിൽക്കേണ്ടത്. മോശം സമയത്തു സംരക്ഷിച്ചു നിർത്തിയത് പാർട്ടിയാണ്. നിരവധി ആരോപണങ്ങൾ ഉയർന്നപ്പോഴും പാർട്ടി ഒപ്പം നിന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ തരൂരിന് വേണ്ടി വാദിച്ച ആളാണ് താനെന്നും മുരളീധരൻ പറഞ്ഞു.

കെ-റെയിൽ പ്രശ്‌നത്തിൽ യുഡിഎഫ് എംപിമാർ റെയിൽവെ മന്ത്രിക്കയച്ച കത്തിൽ ശശി തരൂര്‍ ഒപ്പ് വച്ചിരുന്നില്ല. സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കാതെ പദ്ധതിയെ തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ആശയപരമായി എതിർഭാഗത്തുള്ളവർ മുന്നോട്ടുവെക്കുന്ന എന്തിനെയും എതിർക്കുകയെന്ന നിലപാട് ശരിയല്ലെന്നും തരൂര്‍ പറയുകയുണ്ടായി. തരൂരിന്‍റെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.

പിന്നാലെ കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിൽ വ്യക്തതയില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രനിലപാട് അറിയാൻ താൻ ശ്രമിക്കുകയാണ്. വിഷയത്തിൽ സുതാര്യമായ ചര്‍ച്ചകള്‍ നടക്കണം. പദ്ധതിയെ കുറിച്ചുള്ള ആശങ്ക കേന്ദ്രം പരിഹരിക്കണമെന്നും തരൂര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.

Similar Posts