സുരേഷ് ഗോപി ഈയിടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ട്രാക്ക് തെറ്റിയുള്ളതാണെന്ന് കെ.മുരളീധരൻ
|ദൗർഭാഗ്യകരമായ നടപടിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.
തൃശൂര്‍: സുരേഷ് ഗോപി ഈയിടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ട്രാക്ക് തെറ്റിയുള്ളതാണെന്ന് കെ.മുരളീധരൻ എം.പി. ദൗർഭാഗ്യകരമായ നടപടിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. നാട്ടിൽ ചില നിയമങ്ങളൊക്കെയുണ്ട്, അതൊക്കെ പാലിക്കാൻ സുരേഷ് ഗോപി തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു. മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റായ ഷിദയോട് മോശമായി പെരുമാറിയതിന്റെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം.
സുരേഷ് ഗോപിയുടെ പ്രവർത്തി ഒരുതരത്തിലുളള ന്യായീകരണവും അർഹിക്കുന്നില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ദേഹത്ത് കൈവച്ചപ്പോൾ ഇഷ്ടപ്പെടാത്തത് കൊണ്ട് തട്ടിമാറ്റി. സുരേഷ് ഗോപി അത് വീണ്ടും ആവർത്തിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മീഡിയവണിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റർ സി.ദാവൂദ് അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയന് ആവശ്യപ്പെട്ടു.സംഭവത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടുണ്ട്. വാത്സല്യത്തോടെയാണ് പെരുമാറിയതെന്നാണ് വിശദീകരണം.