ലീഗ് മാർക്‌സിസ്റ്റ് മുന്നണി വിട്ടപ്പോൾ എവിടെ സ്വർണം പിടിച്ചാലും 'ദേശാഭിമാനി' എഴുതിയിരുന്നത് 'ബാഫഖി' പിടിച്ചുവെന്നായിരുന്നു: കെ. മുരളീധരൻ
|1970-71 കാലത്ത് സിപിഎമ്മിന്റെ മുദ്രാവാക്യം 'ഇന്ദിരക്ക് ബോധക്കേട്, ചേലാടന് ശീലക്കേട്, അപ്പോൾ ബാഫഖി തങ്ങൾക്ക് രാത്രി കള്ളക്കടത്ത്...' എന്നതായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
ചേലക്കര: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സിപിഎം ഏറെക്കാലമായി തുടരുന്ന രീതിയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഏറ്റവും കൂടുതൽ സ്വർണം കടത്തുന്നത് മലപ്പുറം ജില്ലയിലാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാർക്‌സിസ്റ്റ് പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ ആർക്കും അതിൽ പുതുമ തോന്നില്ല. 1969ൽ ലീഗ് മാർക്‌സിസ്റ്റ് മുന്നണി വിട്ടപ്പോൾ എവിടെ സ്വർണം പിടിച്ചാലും ദേശാഭിമാനി എഴുതിയിരുന്നത് അഞ്ച് ലക്ഷത്തിന്റെ ബാഫഖി പിടിച്ചു, 10 ലക്ഷത്തിന്റെ ബാഫഖി പിടിച്ചു എന്നൊക്കെയായിരുന്നു. മുസ്‌ലിം ലീഗ് നേതാവായിരുന്ന ബാഫഖി തങ്ങളെ പരിഹസിച്ചായിരുന്നു ഇത്തരം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നത്.
1970-71 കാലത്ത് സിപിഎമ്മിന്റെ മുദ്രാവാക്യം 'ഇന്ദിരക്ക് ബോധക്കേട്, ചേലാടന് ശീലക്കേട്, അപ്പോൾ ബാഫഖി തങ്ങൾക്ക് രാത്രി കള്ളക്കടത്ത്...'എന്നതായിരുന്നു. അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മരണത്തിന് ശേഷം ലീഗ് പിളരുകയും ഉമർ ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഇടത് മുന്നണിയിലേക്ക് മാറുകയും ചെയ്തതിന് ശേഷമാണ് ദേശാഭിമാനി സ്വർണം എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയതെന്നും മുരളീധരൻ പറഞ്ഞു.
അതിന്റെ പുതിയ പതിപ്പാണ് ഇപ്പോൾ മലപ്പുറത്തിന്റെ പേരിൽ പറയുന്നത്. സംഘികൾക്ക് യോഗിയെക്കാൾ വിശ്വാസം പിണറായി വിജയനെയാണ്. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മനസ്സിൽ കാവിയും പ്രവർത്തനത്തിൽ മുതലാളിത്ത മനോഭാവവുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദിയെന്ന വാക്ക് പിണറായിയുടെ വായിൽനിന്ന് വന്നിട്ടില്ല. മുഴുവൻ വിമർശനങ്ങളും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.