'ജയിക്കുമെന്ന് പറഞ്ഞാണ് എന്നെ തൃശൂരിലേക്ക് അയച്ചത്, അവിടെ ചെന്നപ്പോൾ വണ്ടിക്ക് നട്ടും ബോൾട്ടുമില്ല'; കെ. മുരളീധരൻ
|തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വലിയ പ്രതീക്ഷയില്ലെന്നും കെ. മുരളീധരൻ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലേറ്റ തോൽവിയിൽ നേതൃത്വത്തെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
ജയിക്കുമെന്ന് പറഞ്ഞാണ് അങ്ങോട്ടേക്ക് അയച്ചത്. അവിടെ ചെന്നപ്പോൾ വണ്ടിക്ക് നട്ടും ബോൾട്ടുമില്ല. തൃശൂരിൽ നിന്ന് ജീവനും കൊണ്ടോടുകയായിരുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അടക്കമുള്ളവര്‍ ആയിരുന്നു അതിന് മുന്‍പന്തിയില്‍ നിന്നതെന്നും മുരളീധരന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വലിയ പ്രതീക്ഷയില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. കോഴിക്കോട് വെള്ളയില്‍ ബ്ലോക്ക് കമ്മിറ്റിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' തൃശൂരിലെ ബിജെപിയുടെ വോട്ടുചേർക്കല്‍ പോലും നമ്മുടെ വിദ്വാന്മാര് അറിഞ്ഞിട്ടില്ല. ഉറപ്പായിട്ടും ജയിക്കുമെന്ന് പറഞ്ഞാണ് എന്നെ അവിടെ കൊണ്ടാക്കിയത്. അവിടെ ചെല്ലുമ്പോൾ വണ്ടിക്ക് നട്ടുമില്ല, ബോൾട്ടുമില്ല. ചെന്ന് പെട്ടുപോയി. എങ്ങനെയൊക്കെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു''- മുരളീധരന് പറഞ്ഞു.
'' തദ്ദേശ തെരഞ്ഞെടുപ്പിൽ മാക്സിമം സീറ്റ് കോഴിക്കോട് നിന്ന് നേടണം. തൃശൂരിൽ നിന്ന് എനിക്ക് അത്ര പ്രതീക്ഷയില്ല. മലബാറിൽ നിന്ന് മാക്സിമം സീറ്റ് ലഭിച്ചാലെ കേരളം ഭരിക്കാൻ പറ്റൂ. അല്ലാതെ പിണറായിക്കെതിരായ വികാരം ഉണ്ടെന്ന് പറഞ്ഞ് ഇരുന്നാൽ നടക്കില്ല. പണ്ട് ഭരണവിരുദ്ധ വികാരത്തിന്റെ പങ്കുപറ്റാൻ നമ്മൾ മാത്രമെയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ബിജെപിയും ഉണ്ട്''- മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Watch Video Report