Kerala
k muraleedharan

കെ.മുരളീധരന്‍

Kerala

രാഹുലിനൊപ്പം 495 കി.മീ കാൽനടയായി സഞ്ചരിച്ചത് ബി.ജെ.പിയിൽ ചേരാനല്ല: കെ.മുരളീധരന്‍

Web Desk
|
4 April 2023 7:00 AM GMT

ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും

കോഴിക്കോട്: താന്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചരണത്തിനെതിരെ പ്രതികരണവുമായി കെ.മുരളീധരന്‍ എം.പി.നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്‍റെ സാധാരണ പ്രവർത്തകനായി തുടരുമെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുരളീധരന്‍റെ കുറിപ്പ്

നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബി.ജെ.പിയിൽ ചേരാനല്ല. അദ്ദേഹത്തിന്‍റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും.എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്‍റെ സാധാരണ പ്രവർത്തകനായി തുടരും.ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഞാൻ പറഞ്ഞത്.

അതിന്‍റെ പേരിൽ വേട്ടയാടാൻ നോക്കണ്ട. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബി.ജെ.പിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ് പ്രവർത്തകൻ ആകുന്നതാണ് .അതു കൊണ്ട് കെ. കരുണാകരന്‍റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട.മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്കറിയാം.

Similar Posts