'പത്ത് വോട്ടിന് വേണ്ടി ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പിണറായി വഞ്ചിച്ചു' കെ മുരളീധരന്
|തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയാണോ ഈ നാടകം കളിച്ചതെന്ന് ചോദിച്ച മുരളീധരന് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും പറഞ്ഞു
ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പിണറായി വിജയൻ സർക്കാർ വഞ്ചിച്ചെന്ന് കെ. മുരളീധരൻ എം.പി. നിയമപരമായ തിരിച്ചടി ഭയന്നാണ് ഉമ്മൻചാണ്ടി സർക്കാർ നാടാർ വിഭാഗത്തിന് സംവരണം നൽകാതിരുന്നതെന്നും ഉമ്മന്‍ ചാണ്ടിയായിരുന്നു ശരിയെന്നും മുരളീധരന് പറഞ്ഞു. പത്ത് വോട്ടിന് വേണ്ടി സമുദായങ്ങളെ വഞ്ചിക്കുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയാണോ ഈ നാടകം കളിച്ചതെന്ന് ചോദിച്ച മുരളീധരന് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും പറഞ്ഞു. ഒരു പ്രബല വിഭാഗത്തിനെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി അവരോട് മാപ്പ് പറായാനുള്ള മര്യാദയെങ്കിലും കാണിക്കണം. ഭരണത്തുടര്‍ച്ചക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ചെയ്യാതിരിക്കാനുളള പക്വതയും അദ്ദേഹം കാണിക്കണം. മുരളീധരന് പറഞ്ഞു
നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സി യില്‍ ഉൾപ്പടുത്തി സംവരണം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ വന്ന പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. പിന്നാക്ക സമുദായ ഫെഡറേഷന്റെ ഹരജിയിലായിരുന്നു കോടതി വിധി. സംവരണ വിഭാഗങ്ങളെ നിർണയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്ന സുപ്രിംകോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതി നടപടി.
2021 ഫെബ്രുവരി ആറാം തിയ്യതിയാണ് നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരെ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പൻ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 73 സമുദായങ്ങൾ നിലവിൽ ഒബിസി പട്ടികയിൽ ഉണ്ട്. ഒരു സമുദായം കൂടി ഉൾപ്പെടുന്നതോടെ സംവരണത്തോത് കുറയും. കേന്ദ്രത്തിന്റെ അധികാരമാണ് സംസ്ഥാന സർക്കാർ പ്രയോഗിച്ചിരിക്കുന്നത്- എന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്.സംസ്ഥാന പിന്നാക്ക കമ്മിഷൻ ശിപാർശ അനുസരിച്ചാണ് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട എസ്.ഐ.യു.സി ഒഴികെയുള്ള നാടാർ സമുദായങ്ങൾക്ക് ഒ.ബി.സി സംവരണം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നത്