പാലക്കാട് ഡിസിസിയുടെ കത്തിൽ ചർച്ച വേണ്ട; ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്നാൽ അത് ഫൈനൽ: കെ. മുരളീധരൻ
|പാലക്കാട് പ്രചാരണത്തിന് പോകുമോ എന്ന് വ്യക്തമാക്കാൻ മുരളീധരൻ തയ്യാറായില്ല.
തിരുവനന്തപുരം: പാലക്കാട് സ്ഥാനാർഥിത്വം സംബന്ധിച്ച ഡിസിസിയുടെ കത്തിൽ ഇപ്പോൾ ചർച്ച വേണ്ടെന്ന് കെ. മുരളീധരൻ. ഡിസിസി ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. തൃശൂരിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇനി മത്സരിക്കാനില്ലെന്ന് താൻ വ്യക്തമാക്കിയതാണ്. സംസ്ഥാന കമ്മിറ്റി തീരുമാനിച്ച പേര് രാഹുൽ മാങ്കൂട്ടത്തിലാണ്. അതനുസരിച്ചാണ് അദ്ദേഹം മത്സരിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ അത് ഫൈനലാണ്. എങ്ങനെ കത്ത് പുറത്തുവന്നു എന്ന് തനിക്കറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
ഈ കത്ത് ഡിസിസി നേരത്തെ തനിക്കയച്ചുതന്നിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ കത്ത് ഫോണിൽനിന്ന് ഡിലീറ്റാക്കി. തന്റെ ഭാഗത്തുനിന്ന് അത് പുറത്തുപോവാതിരിക്കാനാണ് അങ്ങനെ ചെയ്തത്. പാർട്ടി പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. അനാവശ്യ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. അത്തരം ചർച്ചകൾ നിർത്തി പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ശ്രമിക്കണമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം പാലക്കാട് പ്രചാരണത്തിന് പോകുമോ എന്ന് വ്യക്തമാക്കാൻ മുരളീധരൻ തയ്യാറായില്ല. വയനാട്ടിൽ പ്രചാരണത്തിന് പോകുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിൽ പോകുന്നത് തന്റെ കടമയാണ്. മറ്റു കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും മുരളി പറഞ്ഞു.