'കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ലിംഗസമത്വമാകില്ല'; ജൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ ലീഗിനെ പിന്തുണച്ച് കെ. മുരളീധരൻ
|വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു
കോഴിക്കോട്: ജൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കെ. മുരളീധരൻ എം.പി. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്. ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ലിംഗസമത്വമാകില്ല. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾ ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സർക്കാറിന്റേത് തല തിരിഞ്ഞ പരിഷ്കാരമാണ്. സംസ്ഥാനത്ത് ആദ്യം വേണ്ടത് സ്ത്രീ സുരക്ഷയാണ്. വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, മുതിർന്ന ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ചിരുത്തിയാൽ ശ്രദ്ധ മാറി പോകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. രക്ഷിതാക്കളുടെ ആശങ്കയാണ് പങ്കുവെയ്ക്കുന്നത്. അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതം വലുതാണ്. ജപ്പാൻ ഇതിന് ഉദാഹരണമാണ്. ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. ജെൻഡർ ന്യൂട്രാലിറ്റി എല്ലാ മത വിശ്വാസികളുടെയും പ്രശ്നമാണെന്നും സലാം പറഞ്ഞു.
ജെൻഡർ ന്യൂട്രൽ വിഷയം മതപരമായ വിഷയമല്ല. ലിബറലിസം സ്കൂളുകളിലേക്ക് കൊണ്ടുവരുന്നതിനെയാണ് ലീഗ് എതിർക്കുന്നത്. കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ശ്രദ്ധ പോകുമെന്ന കാഴ്ചപ്പാടിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഒരു വസ്ത്രവും അടിച്ചേൽപ്പിക്കാൻ പാടില്ല. പാന്റും ഷർട്ടും അടിച്ചേൽപ്പിക്കുന്നത്. ജെൻഡർ ന്യൂട്രാലിറ്റി ആവുന്നില്ല. ലിംഗസമത്വം അനിവാര്യമാണ്. ലിംഗസമത്വം ഭംഗിയായി നടപ്പാക്കണം. അതിനായി വിവാദങ്ങളുടെ അവശ്യമില്ലെന്നും സതീശൻ പറഞ്ഞു.