'പക്വതക്കുറവ് എനിക്ക് മാത്രമേ ഉള്ളൂ എന്നായിരുന്നു വിചാരിച്ചിരുന്നത്'; മൈക്ക് തർക്കത്തിൽ കെ. മുരളീധരൻ
|പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ഒരുമിച്ച് വാർത്താസമ്മേളനം നടത്തുമ്പോൾ ആദ്യം ആര് സംസാരിക്കണമെന്ന് പ്രോട്ടോകോളില്ലെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തമ്മിൽ വാർത്താസമ്മേളനത്തിനിടെ നടന്ന തർക്കത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ. പക്വതക്കുറവുള്ളത് തനിക്ക് മാത്രമാണെന്നാണ് കരുതിയതെന്നും ബാക്കി ആരുടെയും പക്വത താൻ അളക്കാറില്ലെന്നും മുരളീധരൻ പറഞ്ഞു. ഒറ്റപ്പെട്ട സംഭവമാണിതെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
'പക്വതക്കുറവിപ്പോൾ കാര്യമായിട്ട് എനിക്ക് മാത്രമേയുള്ളുവെന്നാണ് ഞാൻ വിചാരിച്ചത്. എല്ലാവരും പറഞ്ഞത് എനിക്ക് പക്വതക്കുറവ് ഉണ്ടെന്നാണല്ലോ. ബാക്കി ആരുടെയും പക്വത ഞാൻ അളക്കാറില്ല'-മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ഒരുമിച്ച് വാർത്താസമ്മേളനം നടത്തുമ്പോൾ ആദ്യം ആര് സംസാരിക്കണമെന്ന് പ്രോട്ടോകോളില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. പാർട്ടിയുടെ വാർത്താസമ്മേളനമാണെങ്കിൽ കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫിന്റെതാണെങ്കിൽ പ്രതിപക്ഷനേതാവും സംസാരിക്കുന്ന രീതിയാണ് സാധാരണയുള്ളത്. പുതുപ്പള്ളിയിലെ വാർത്താസമ്മേളനം എതാണെന്ന് താൻ ശ്രദ്ധിച്ചില്ലെന്നും അതിൽ ഘടകകക്ഷികളെയും കണ്ടുവെന്നും മുരളീധരൻ പറഞ്ഞു.