'കേരളത്തിന്റെ കാര്യത്തിൽ യു.ഡി.എഫ് എം.പിമാർക്ക് വഞ്ചനാപരമായ നിലപാട്'; കെ.എന് ബാലഗോപാൽ
|കേരളത്തിൽ നിന്നുളള എംപിയാണ് രാഹുൽ ഗാന്ധി. അദ്ദേഹം ഇക്കാര്യത്തിൽ ഇടപെടണമെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിനു കാരണം കേന്ദ്ര സർക്കാരിൽ നിന്നു സംസ്ഥാനത്തിനു ലഭിക്കേണ്ട തുകയിൽ വലിയ കുറവ് ഉണ്ടായതാണ്. കൂടാതെ നികുതി ഇനത്തിൽ കേരളത്തിന് ലഭിക്കേണ്ട തുകയിൽ കുറവ് ഉണ്ടായെന്നും ധനമന്ത്രി പറഞ്ഞു. കൈ കെട്ടിയതിന് പിന്നാലെ വിരലുകൾ കൂടി പ്ലാസ്റ്റർ ഇട്ട് കെട്ടുന്ന അവസ്ഥയാണ് കേന്ദ്രം ചെയ്യുന്നതെന്നും കെ.എൻ.ബാലഗോപാൽ ആരോപിച്ചു.
കേരളത്തിലെ യു.ഡി.എഫ് എംപിമാരെയും ധനമന്ത്രി വിമർശിച്ചു. മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ എം.പിമാർ കേന്ദ്ര ധനമന്ത്രിയെ ഒരുമിച്ച് കാണാം എന്നറിയിച്ചിരുന്നു. അതിനു ശേഷം സംസ്ഥാന സർക്കാർ തയ്യാറാക്കിയ മെമ്മോറാണ്ടത്തിൽ യു.ഡി.എഫ് എംപിമാർ ഒപ്പിട്ടില്ല. കേന്ദ്രധനമന്ത്രിയെ കാണാൻ പോയപ്പോൾ യു.ഡി.എഫ് എം.പിമാർ ആരും വന്നില്ലെന്നും കേരളത്തിന്റെ താൽപര്യം യു.ഡി.എഫ് എംപിമാർ കാണുന്നില്ലെന്നും ധനമന്ത്രി വിമർശിച്ചു. യുഡിഎഫ് എംപിമാർ കേരളത്തെ വഞ്ചിക്കുകയാണെന്നും ബിജെപിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണോ എംപിമാർ എന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിൽ നിന്നുളള എംപിയാണ് രാഹുൽ ഗാന്ധി. അദ്ദേഹം ഇക്കാര്യത്തിൽ ഇടപെടണമെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.