രണ്ട് വർഷം, 4000 കോടി നികുതി ശേഖരം; ചരിത്രത്തിലാദ്യമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ
|ഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാനം നടത്തുന്നത് പ്രക്ഷോഭമാണ് സമ്മേളനമല്ല, ഡൽഹി സമരത്തിന് യു.ഡി.എഫ് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനം രണ്ടുവർഷം കൊണ്ട് 4000 കോടിയോളം നികുതി ശേഖരിച്ചുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ശേഖരണമാണ് സംസ്ഥാനം നടത്തിയത്. ഏകപക്ഷീയമായി കേന്ദ്ര സർക്കാർ നികുതി വിഹിതം കുറയ്ക്കുകയാണ്. ഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാനം നടത്തുന്നത് പ്രക്ഷോഭമാണ് സമ്മേളനമല്ലെന്നും ഡൽഹി സമരത്തിന് യു.ഡി.എഫ് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
"കേന്ദ്രം ഏകപക്ഷീയമായി നികുതി വിഹിതം കുറച്ചത് എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. നികുതി വർധിപ്പിക്കാൻ നമുക്ക് അവകാശമില്ല. ജി.എസ്.ടി കൗൺസിലിനാണ് അതിന് അധികാരം. ആഭ്യന്തര വരുമാനം വർധിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടുവർഷംകൊണ്ട് 4000 കോടിയോളം നികുതി ശേഖരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ശേഖരണമാണ് സംസ്ഥാനം നടത്തിയത്" ധനമന്ത്രി പറഞ്ഞു.
നികുതിവെട്ടിപ്പ് തടയുന്നതിനും കണ്ടെത്തുന്നതിനുള്ള പരിപാടികൾ കാര്യക്ഷമമായി നടന്നുവരുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 445 കോടി രൂപ തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വർഷം 210 കേസുകൾ രജിസ്റ്റർ ചെയ്തു. ഐ.ജി.എസ്.ടിയുടെ കാര്യത്തിൽ കേരളം ഫലപ്രദമായി ഇടപെടുന്നുണ്ട്. കിട്ടാനുള്ളത് കൃത്യമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഐ ജി എസ് ടി യുടെ കാര്യത്തിൽ എത്ര നഷ്ടം വരുന്നു എന്നുള്ള കണക്ക് സംസ്ഥാനങ്ങളുടെ പക്കലില്ലെന്നും മന്ത്രി പറഞ്ഞു.