കെ. പത്മകുമാറും ഷെയ്ഖ് ദർവേഷ് സാഹിബും പുതിയ ഡി.ജി.പിമാർ
|ഡി.ജി.പി റാങ്കിലുണ്ടായിരുന്ന ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ, എക്സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് രണ്ടുപേർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകിയത്.
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ രണ്ട് എ.ഡി.ജി.പിമാർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം. എ.ഡി.ജി.പിമാരായ കെ. പത്മകുമാർ, ഷെയ്ഖ് ദർവേശ് സാഹിബ് എന്നിവരെയാണ് ഡി.ജി.പിമാരായി നിയമിച്ചത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറിനെ ജയിൽ മേധാവിയായും ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഷെയ്ഖ് ദർവേശ് സാഹിബിനെ ഫയർഫോഴ്സ് ഡയറക്ടർ ജനറലായുമാണ് നിയമിച്ചത്.
എ.ഡി.ജി.പിമാരായ ബൽറാം കുമാർ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലും എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. ഡി.ജി.പിക്ക് തുല്യമായ എക്സ് കേഡർ പദവി സൃഷ്ടിച്ചാണ് പത്മകുമാറിന്റെയും ഷെയ്ഖ് ദർവേശ് സാഹിബിന്റെയും നിയമനം.
ഡി.ജി.പി റാങ്കിലുണ്ടായിരുന്ന ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ, എക്സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് രണ്ടുപേർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകിയത്. നിലവിൽ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി അനിൽ കാന്ത് ജൂണിൽ വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കുന്ന എട്ട് പേരുടെ പട്ടിക കേന്ദ്രത്തിന്റെ പരിഗണനയിലാണ്.