കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം: പിന്തുണയുമായി ജീവനക്കാര്‍
|ഡയറക്ടർ വീട്ടിൽ വിളിപ്പിച്ച് ശുചിമുറി കഴുകിപ്പിച്ചെന്ന് ആരോപിച്ച ജീവനക്കാരാണ് വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തിയത്
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി ജീവനക്കാരും. ഡയറക്ടർ വീട്ടിൽ വിളിപ്പിച്ച് ശുചിമുറി കഴുകിപ്പിച്ചെന്ന് ആരോപിച്ച ജീവനക്കാരാണ് വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തിയത്. ഡയറക്ടറെ മാറ്റണമെന്ന് ജീവനക്കാരും ആവശ്യപ്പെട്ടു.
ഡയറക്ടറുടെ വിദ്യാർഥി വിരുദ്ധ നിലപാടുകള്‍ക്കും ജാതിവിവേചനത്തിനും എതിരെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നതിനിടെയാണ് ജീവനക്കാരും ഡയറക്ടർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. വീട്ടിൽ വിളിച്ച് ശുചിമുറിയടക്കം കഴുകിപ്പിച്ചുവെന്നാണ് സ്ത്രീ ജീവനക്കാർ പറയുന്നത്.
തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ഡയറക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. വിദ്യാർഥികൾ നടത്തുന്ന സമരത്തിന് ഇവർ പൂർണ പിന്തുണ നല്കുന്നു. സമരം നിലവിൽ 12 ദിവസം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടിട്ടും നടപടി വൈകുകയാണ്.