ശോഭാ സിറ്റിയിൽ അലൈൻമെന്റ് വളഞ്ഞോ? വിശദീകരണവുമായി കെ-റെയിൽ
|സെക്ഷൻ എൻജിനീയർ പ്രശാന്ത് സുബ്രഹ്‌മണ്യനാണ് വിവാദങ്ങളോട് പ്രതികരിക്കുന്നത്
സിൽവർലൈൻ അലൈൻമെന്റ് തൃശൂരിൽ ശോഭാ സിറ്റിക്കടുത്തെത്തുമ്പോൾ വളഞ്ഞുപോകുന്നതായുള്ള പ്രചാരണങ്ങളിൽ വിശദീകരണവുമായി കെ-റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ. ഫേസ്ബുക്കിലാണ് വിശദീകരണ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.
സെക്ഷൻ എൻജിനീയർ പ്രശാന്ത് സുബ്രഹ്‌മണ്യനാണ് വിഡിയോയിൽ ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. ശോഭാ സിറ്റി ഒഴിവാക്കി സിൽവർലൈൻ അലൈൻമെന്റ് വളച്ചുകൊണ്ടുപോയി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വിഡിയോയിൽ പറയുന്നു. ജനവാസകേന്ദ്രങ്ങളെ കഴിയാവുന്നത്ര ഒഴിവാക്കി നിലവിലെ ഇന്ത്യൻ റെയിൽവേയുടെ പാതയ്ക്ക് സമാന്തരമായാണ് സിവർലൈൻ തൃശൂർ നഗരത്തിൽനിന്ന് പുറത്തേക്ക് കടക്കുന്നതെന്നും വിശദീകരിക്കുന്നു.
തൃശൂരിലുള്ള നിലവിലെ ഇന്ത്യൻ റെയിൽവേ സ്‌റ്റേഷന് തൊട്ടടുത്തായാണ് സിൽവർലൈൻ സ്‌റ്റേഷനും ആസൂത്രണം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം-കണ്ണൂർ ഭാഗങ്ങളിൽനിന്നു വരുന്നവർക്കും, പാലക്കാട്, ചെന്നൈ, കോയമ്പത്തൂർ ഭാഗത്തേക്കു പോകുന്നവർക്കുമുള്ള ഇന്റർചേഞ്ച് സ്‌റ്റേഷനായാണ് തൃശൂരിൽ ആസൂത്രണം ചെയ്തിരിക്കുക്കുന്നത്. ജനസാന്ദ്രത കൂടിയ നഗരമായതിനാൽ തൃശൂരിലെത്തിയ ശേഷം പുറത്തോട്ട് അലൈൻമെന്റ് കൊണ്ടുപോകുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും വിശദീകരണത്തിൽ തുടരുന്നു.
ഈ പ്രശ്‌നം പരിഹരിക്കാനായി നിലവിലെ ഇന്ത്യൻ റെയിൽവേ സ്റ്റേഷനു സമാന്തരമായി, റെയിൽവേയുടെ തന്നെ ഭൂമി ഉപയോഗിച്ച് ആകാശപാതയിലൂടെയാണ് സിൽവർലൈൻ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനാൽ കൂടുതൽ ആളുകളെയും കെട്ടിടങ്ങളെയും വീടുകളെയും അത് ബാധിക്കില്ല. അവിടെനിന്ന് പുറത്തുവന്ന ശേഷം തിരൂർ ലക്ഷ്യമാക്കിയാണ് പോകുന്നത്. ഇവിടെനിന്നൊക്കെ ഏറെ മാറിയാണ് ശോഭാ സിറ്റി സ്ഥിതി ചെയ്യുന്നത്. അതിനാൽ, ശോഭാ സിറ്റിവഴി അലൈൻമെന്റ് പോകേണ്ട ആവശ്യമില്ലെന്നും വിഡിയോയിൽ പറയുന്നു.
Summary: Silverline alignment and Sobha City- K-Rail responds to the controversies