Kerala
കെ റെയിൽ: വിവാദങ്ങൾക്കിടെ മലപ്പുറത്ത് ഇന്ന് വിശദീകരണ യോഗം
Kerala

കെ റെയിൽ: വിവാദങ്ങൾക്കിടെ മലപ്പുറത്ത് ഇന്ന് വിശദീകരണ യോഗം

Web Desk
|
16 Jan 2022 2:05 AM GMT

നിർദിഷ്ട സിൽവർ ലൈൻ പദ്ധതിയുടെ രണ്ട് പ്രധാനപ്പെട്ട യാർഡുകളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി സാമൂഹിക ആഘാത പഠന റിപ്പോർട്ട് പറയുന്നത്. കൊല്ലം, കാസർഗോഡ് യാർഡുകളിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്.

കെ റെയിൽ വിവാദങ്ങൾക്കിടെ പദ്ധതിയെക്കുറിച്ചുള്ള വിശദീകരണ യോഗം ഇന്ന് മലപ്പുറത്ത് നടക്കും.സംസ്ഥാന സർക്കാരും കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണയോഗത്തിൽ മന്ത്രിമാരായ വി. അബ്ദുറഹ്‌മാനും, കെ. കൃഷ്ണൻ കുട്ടിയും പങ്കെടുക്കും. 54 കിലോമീറ്ററാണ് മലപ്പുറം ജില്ലയിൽ സിൽവർ ലൈൻ പാതയുടെ ദൂരം നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ തീരുമാന പ്രകാരം തിരൂരിലാണ് അതിവേഗ റയിൽപാതയുടെ ജില്ലയിലെ ഏക സ്റ്റോപ്പ്. ഇതടക്കം പദ്ധതിയെ കുറിച്ചുള്ള സംശയങ്ങൾക്ക് മന്ത്രിമാർ യോഗത്തിൽ മറുപടി പറയും. ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികളാണ് യോഗത്തിൽ പങ്കെടുക്കുക.

അതേസമയം നിർദിഷ്ട സിൽവർ ലൈൻ പദ്ധതിയുടെ രണ്ട് പ്രധാനപ്പെട്ട യാർഡുകളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി സാമൂഹിക ആഘാത പഠന റിപ്പോർട്ട് പറയുന്നത്. കൊല്ലം, കാസർഗോഡ് യാർഡുകളിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്. ഡി.പി.ആറിന് ഒപ്പം സർക്കാർ പുറത്തുവിട്ടതാണ് റിപോർട്ട്.

കൊല്ലത്തെ കേന്ദ്രീകൃത വർക്ക് ഷോപ്പ്, സ്റ്റേഷൻ, കാസർകോട്ടെ പരിശോധനാ കേന്ദ്രം എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്ക സാധ്യത പ്രവചിക്കപ്പെടുന്നത്. കൊല്ലത്ത് അയത്തിൽ തോടിൽ നിന്നും വെള്ളം കയറുമെന്നാണ് റിപോർട്ടിലെ കണ്ടെത്തൽ. ഈ സ്ഥലം നെൽവയലും പ്രളയ സാധ്യതാ മേഖലയും അടങ്ങുന്നതാണ്. മഴ കൂടുതൽ ലഭിക്കുന്ന മേഖലയുമാണ്. പ്രളയ സാധ്യത ഒഴിവാക്കാനായി തോട് വഴി തിരിച്ചു വിടുകയും പ്രളയ ജലം ഒഴുക്കി കളയാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും റിപോർട്ട് നിർദേശിക്കുന്നു. കാസർകോട്ടെ നിർദിഷ്ട യാർഡിന്റെ കാര്യത്തിൽ മംഗലാപുരത്ത് ലഭിച്ച മഴയുടെ അളവ് അടക്കം ചൂണ്ടികാണിച്ചാണ് പ്രളയ സാധ്യത പ്രവചിപ്പിക്കുന്നത്. തീരദേശ മേഖലയിലൂടെ സിൽവർ ലൈൻ കടന്ന് പോകുന്നുണ്ടെങ്കിലും സുനാമി സാധ്യതയേയും വലിയ തിരമാലകളേയും കുറിച്ച് കാര്യമായ പഠനം നടത്തിയിട്ടില്ലെന്നും റിപോർട്ട് സമ്മതിക്കുന്നു.


Related Tags :
Similar Posts