കല്ലിടുന്നത് റവന്യൂ വകുപ്പിന്‍റെ തീരുമാനപ്രകാരമെന്ന വാര്‍ത്ത നിഷേധിച്ച് കെ-റെയില്‍
|കല്ലിടാൻ നിർദേശിച്ചത് ആരെന്ന് വ്യക്തമാക്കാതെയായിരുന്നു കെ-റെയിൽ ഫേസ് ബുക്ക് പോസ്റ്റ്. അതേസമയം കല്ലിടാന്‍ നിർദ്ദേശിച്ചത് റവന്യു വകുപ്പാണെന്ന വാർത്ത നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
കെ-റെയില്‍ പദ്ധതിയുടെ ഭാഗമായി കല്ലിടുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന സമയത്ത് പുതിയ ഫേസ്ബുക് പോസ്റ്റുമായി കെ-റെയില്‍. തങ്ങള്‍ പറഞ്ഞിട്ടല്ല കല്ലിടുന്നതെന്ന് കെ-റെയില്‍ പ്രസ്താവന നടത്തിയ തരത്തില്‍ ഒരു പത്ര മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. കല്ലിടുന്ന തീരുമാനം റവന്യൂ വകുപ്പിന്‍റേതാകാമെന്നും തങ്ങള്‍ പറഞ്ഞിട്ടല്ല കല്ലിടുന്നതെന്നും കെ-റെയില്‍ വ്യക്തമാക്കിയതായി ആയിരുന്നു വാര്‍ത്ത. എന്നല്‍ ഈ വാര്‍ത്തയെ നിഷേധിച്ചു കൊണ്ട് കെ-റെയില്‍ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ രംഗത്തുവരികയായിരുന്നു.
'ഈ വാർത്തയുമായി കെ റെയിലിന് യാതൊരു ബന്ധവും ഇല്ല' എന്നായിരുന്നു കെ-റെയില്‍ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കിയത്.
എന്നാല്‍ കല്ലിടാൻ നിർദേശിച്ചത് ആരെന്ന് വ്യക്തമാക്കാതെയായിരുന്നു കെ-റെയിൽ ഫേസ് ബുക്ക് പോസ്റ്റ്. അതേസമയം കല്ലിടാന്‍ നിർദ്ദേശിച്ചത് റവന്യു വകുപ്പാണെന്ന വാർത്ത നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ കെ റെയില്‍ കല്ലിടലിനെ കൈയൊഴിഞ്ഞ് റവന്യു വകുപ്പ് രംഗത്തെത്തിയിരുന്നു. കല്ലിടുന്നതിന് റവന്യൂ വകുപ്പ് അനുമതി നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രി കെ രാജൻറെ പ്രസ്താവന. കല്ലിടാൻ വകുപ്പ് നിർദേശിച്ചിട്ടില്ല. കെ. റെയിൽ ആവശ്യപ്രകാരമാണ് കല്ലിടുന്നത്. കല്ലിടാൻ തീരുമാനിച്ചത് റവന്യൂ വകുപ്പെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ ആഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടുന്നത്. സാമൂഹ്യ ആഘാത പഠനം എതിരായാൽ കല്ല് എടുത്ത് മാറ്റും. അങ്ങനെ മുൻപ് ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നത് കെ.റെയിൽ ആവശ്യപ്രകാരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്ത് പലയിങ്ങളിൽ കല്ലിടൽ ആരംഭിച്ചു. ഇന്നലെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കെ റെയിൽ സർവേ താത്കാലികമായി നിർത്തിവച്ചിരുന്നു. സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ദിവസങ്ങളായി തുടരുകയാണ്. പലയിടത്തും കല്ല് സ്ഥാപിക്കുന്നു പ്രതിഷേധക്കാർ എടുത്തു കളയുന്നു എന്നതാണ് രീതി. ഇതിനിടയിലാണ് സംസ്ഥാനത്ത് ഒരിടത്തും ഇന്നലെ സർവേ നടക്കാതിരുന്നത്. സർവേ ഉള്ളതായി അറിയിച്ച ജില്ലകളിലെല്ലാം രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.
ഔദ്യോഗികമായി സർവേ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് കെ റെയിൽ വിശദീകരണം. ഓരോ ജില്ലയിലെയും സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും കെ റെയിൽ വ്യക്തമാക്കിയിരുന്നു.