കെ റെയിൽ: സംഘർഷമുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ഇ.പി ജയരാജൻ
|സർവേ രീതി മാറിയാൽ പദ്ധതിക്ക് പ്രതിപക്ഷം അനുകൂലമാണോയെന്ന് വ്യക്തമാക്കണം
തിരുവനന്തപുരം: കെ റെയിൽ സർവേ തുടരുമെന്ന് എൽ.ഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സർവേ രീതി മാത്രമാണ് മാറുന്നതെന്നും പദ്ധതി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സർവേ രീതി മാറിയാൽ പദ്ധതിക്ക് പ്രതിപക്ഷം അനുകൂലമാണോയെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് ആയതിനാലാണ് കല്ലിടൽ ഒഴിവാക്കിയതെന്ന വാദം ആരോപണം മാത്രമാണെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു.
വിഷയത്തിൽ പ്രതികരണവുമായി മന്ത്രി പി. രാജീവും രംഗത്തെത്തി. കെ റെയിൽ വേണ്ട എന്ന് പറഞ്ഞ പ്രതിപക്ഷം ഇപ്പോൾ ജി.പി.എസ് സർവേ ആകാമെന്ന് പറയുന്നു. പ്രതിപക്ഷം സമീപനം മാറ്റിയെങ്കിൽ നല്ലത്. പ്രതിപക്ഷം രണ്ട് വാദം പറയുന്നുണ്ട്. കെ റെയിൽ സർവേ സംബന്ധിച്ച നിലപാട് അവർ വ്യക്തമാക്കണമെന്നും പി.രാജീവ് പറഞ്ഞു.
അതേസമയം, കെ-റെയിൽ കല്ലിടൽ നിർത്തി. റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാമൂഹികാഘാത സർവേ ഇനി ജിപിഎസ് മുഖേന നടത്തും. കല്ലിടലിനെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാതലത്തിലാണ് തീരുമാനം.കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ മാർക്ക് ചെയ്യാമെന്ന് കേരള റെയിൽവെ ഡെവലപ്മെൻറ് കോർപ്പറേഷൻ നിർദ്ദേശം വച്ചെങ്കിലും ഉത്തരവിൽ പറയുന്നത് ജിയോ ടാഗിങ് മാത്രമെന്നാണ്.
കല്ലിടൽ സമയത്തുള്ള സംഘർഷങ്ങൾ മറികടക്കാൻ പോലീസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദൽ മാർഗങ്ങൾ വേണമെന്നുമുള്ള ആവശ്യം കെ-റെയിൽ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. അതേസമയം യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിൻറെ ഒന്നാംഘട്ട വിജയമാണിതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻറെ പ്രതികരണം. സർക്കാർ തെറ്റ് ചെയ്തെന്ന് സമ്മതിക്കുന്നു. പ്രതിഷേധക്കാർക്ക് എതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.