'കാൻസർ രോഗികൾക്ക് രാവിലെയെത്തി വൈകിട്ട് മടങ്ങാം'; കെ റെയിൽ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയ
|"ആർ.സി.സിയിൽ നിന്ന് ആഴ്ചകളോളം തലസ്ഥാനത്ത് തങ്ങണ്ട. രാവിലെ വരാം, അന്നു വൈകിട്ട് തന്നെ മടങ്ങാം"
സിൽവർ ലൈൻ പദ്ധതിയെ ന്യായീകരിച്ച് കെ റെയിൽ ഡവലപ്മെന്റ് കോർപറേഷൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്ററിനെതിരെ വ്യാപക വിമർശം. പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിലെ ക്യാൻസർ രോഗികൾക്ക് ഉപകാരപ്രദമാകുമെന്ന വാദത്തെ സാധൂകരിച്ച് പങ്കുവച്ച കുറിപ്പാണ് വിവാദമായത്.
'രാവിലെയെത്തി വൈകിട്ട് മടങ്ങാം, ആർ.സി.സിയിൽ നിന്ന് ആഴ്ചകളോളം തലസ്ഥാനത്ത് തങ്ങണ്ട, രാവിലെ വരാം അന്നു വൈകിട്ട് തന്നെ മടങ്ങാം, അർബുദ രോഗികൾക്കും ആശ്വാസമാകും സിൽവർ ലൈൻ' -എന്നാണ് ആർസിസി എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കിയ പോസ്റ്ററിൽ പറയുന്നത്.
അസോസിയേഷന്റെ കുറിപ്പും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. അതിങ്ങനെ;
'സിൽവർലൈൻ പദ്ധതി നടപ്പിലായാൽ അത് കേരളത്തിലെ കാൻസർ രോഗികൾക്ക് ഏറെ ആശ്വാസകരമാവും.
കാൻസർ രോഗനിർണയത്തിനും തുടർചികിൽസയ്ക്കുമായി തിരുവനന്തപുരത്തുള്ള റീജിയണൽ കാൻസർ സെന്ററിൽ മൂന്നു ലക്ഷത്തിലധികം രോഗികളാണ് ഓരോ വർഷവും എത്തുന്നത്. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നും കർണാടകം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെയായി തിരുവനന്തപുരത്തെത്തുന്ന അർബുദരോഗികൾക്ക് ആഴ്ചകളോളം ഇവിടെ താമസിക്കേണ്ടതായി വരുന്നു. ഭക്ഷണത്തിനും താമസത്തിനുമൊക്കെയായി വലിയ പണച്ചെലവാണ് ഇവർക്കുണ്ടാവുന്നത്. ഉപജീവനമാർഗം നഷ്ടപ്പെടുത്തി ഇവിടെ ദിവസങ്ങൾ ചെലവിടുന്ന രോഗികൾക്കും വീട്ടുകാർക്കും ഇത് സാമ്പത്തികമായും മാനസികമായും ഉണ്ടാക്കുന്ന വിഷമം ചില്ലറയല്ല. ഇതുകാരണം ചിലരെങ്കിലും ചികിൽസയിൽ നിന്നും പിന്തിരിയുകയും അത് മരണകാരണമാവുകയും ചെയ്യാറുണ്ട്. വടക്കൻ പ്രദേശങ്ങളിൽ നിന്ന് രാവിലെ തിരുവനന്തപുരത്തെത്തി ചികിത്സക്കുശേഷം വൈകിട്ട് തിരികെപ്പോകാനായാൽ അത് കാൻസർ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നതിൽ തർക്കമില്ല. ഇത്തരം ഒട്ടനവധി ജീവൽപ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് സിൽവർലൈൻ.'
പോസ്റ്റിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'രണ്ടോ മൂന്നോ കാൻസർ ആശുപത്രി തുടങ്ങാൻ ആകെ 50 കോടിയിൽ താഴെ മതി അതിനാണോ ഒന്നേകാൽ ലക്ഷം കോടി കടം വാങ്ങി തുലക്കുന്നത്. കേരളത്തിൽ കാൻസർരോഗം കുറക്കണമെങ്കി താല്പര്യമുള്ളവർ ബിവേറേജിലെ 5000 ശതമാനം ലാഭമിട്ട് വിൽക്കുന്ന മദ്യത്തിന്റെ ക്വാളിറ്റി നന്നാക്കി വിഷ സ്പിരിട്ട് ഒഴിവാക്കിയാൽ മതി'- എന്നാണ് പോസ്റ്റിന് താഴെ ഒരാൾ കമന്റിട്ടത്.
കെ റയലിന് മുടക്കുന്ന പണത്തിന്റെ നൂറിലൊന്നു ഉണ്ടെങ്കിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മികച്ച കാൻസർ സെന്ററുകൾ തുടങ്ങാമെന്ന് മറ്റൊരാൾ എഴുതി. 'വിനോദ യാത്ര പോകുന്ന കാര്യം പറയുന്നതു പോലെയാണ് കാര്യങ്ങൾ പറയുന്നത്. വേറെ വല്ല ന്യായീകരണവും കണ്ടെത്തിക്കൂടേ' എന്ന് മറ്റൊരാൾ ചോദിച്ചു.
'ലോജിക് പോട്ടെ, ഇതിന്റെ മറ്റു ഭാവിശ്യത്തുകൾ ആലോചിച്ചിട്ടുണ്ടോ.. ഒരു രോഗിയെയും കൊണ്ട് മണിക്കൂറുകളോളം സഞ്ചരിക്കണം എന്ന് പറയുന്നത് തന്നെ അവരോട് കാണിക്കുന്ന അനാസ്ഥയാണ്.. കാസർഗോഡ് ഒരു ആർസിസി തുടങ്ങിക്കോളൂ, ഇഷ്ടം പോലെ സ്ഥലമുണ്ട് ഇവിടെ, കാസർകോട്ടുകാർക്ക് അത്യാവശ്യവുമാണ്.. പതിയെ പതിയെ അത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് വേണ്ടത്, അല്ലാതെ എന്തിനാണ് വളഞ്ഞു മൂക്ക് പിടിക്കുന്നത്....' - മറ്റൊരാൾ കുറിച്ചു.