Kerala
വരേണ്യവർഗത്തിനു വേണ്ടിയാണ് കെ റെയില്‍, കേരളം മുഴുവൻ ഇതിന്‍റെ ഇരകളാകും; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
Kerala

"വരേണ്യവർഗത്തിനു വേണ്ടിയാണ് കെ റെയില്‍, കേരളം മുഴുവൻ ഇതിന്‍റെ ഇരകളാകും"; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ijas
|
14 March 2022 10:23 AM GMT

പൗര പ്രമുഖരുമായി മുഖ്യമന്ത്രി മോണോ ലോഗ് നടത്തുകയാണെന്നും കേരളത്തെ ബനാന റിപ്പബ്ലിക്കായി മാറ്റാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ്

സിൽവർ ലൈൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. പദ്ധതിയുടെ ഡിപിആറിൽ സർക്കാർ കൃത്രിമം കാണിച്ചെന്നും പദ്ധതി വരേണ്യ വർഗത്തിന്‍റേതാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളം മുഴുവൻ സിൽവർ ലൈനിന്‍റെ ഇരകളാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ അവസരം നൽകിയതിന് സർക്കാരിനോട് വി.ഡി സതീശൻ നന്ദി പറഞ്ഞു.

പാരിസ്ഥിതികമായി സാമ്പത്തികമായി സാമൂഹികമായി കേരളം തകര്‍ന്നു പോകുന്ന പദ്ധതിയാണ് കെ റെയില്‍. പൊതുഗതാഗതം മെച്ചപ്പെടുത്തണമെന്ന ആവശ്യത്തോട് തികഞ്ഞ യോജിപ്പാണ്. പാവപ്പെട്ടവരും ഉള്‍നാടന്‍ ഗ്രാമങ്ങളിലുമുള്ള എല്ലാവരും ഉപയോഗിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം കെ.എസ്.ആര്‍.ടി.സിയാണ്. കെ.എസ്.ആര്‍.ടി.സിക്ക് രണ്ടോ മൂന്നോ കൊല്ലം മുമ്പുള്ളതിന്‍റെ നാലിലൊന്ന് ഷെഡ്യൂളുകള്‍ ഇപ്പോഴില്ലെന്നും കേരളത്തിലെ മിക്കവാറും സര്‍വീസുകള്‍ റദ്ദാക്കി ശമ്പളം കൊടുക്കാനില്ലാതെ പെന്‍ഷന്‍ കൊടുക്കാനില്ലാതെ കെ.എസ്.ആര്‍.ടി.സി എന്ന പാവപ്പെട്ടവന്‍റെ പൊതുഗതാഗത സംവിധാനത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുത്തുകൊണ്ടാണ് വരേണ്യവര്‍ഗത്തിന് വേണ്ടി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി വരുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കെ റെയില്‍ വിജയകരമാവണമെങ്കില്‍ ദേശീയപാത വീതി കൂട്ടരുത്. ദേശീയപാത വീതി കൂട്ടിയാല്‍ റോഡിലൂടെ ആളുകള്‍ കൂടുതല്‍ യാത്ര ചെയ്യും. റോഡിന്‍റെ വീതി കൂട്ടിയാലും ടോളിന്‍റെ ഫീ ക്രമാതീതമായി കൂട്ടണം. ഇല്ലെങ്കില്‍ സില്‍വര്‍ ലൈനില്‍ കയറാന്‍ ആളെ കിട്ടില്ല. സാധാരണ തീവണ്ടിയിലെ രണ്ടാം ക്ലാസ് കമ്പാര്‍ട്ട്മെന്‍റ് എ.സിയിലും മൂന്നാം ക്ലാസ് എ.സി കമ്പാര്‍ട്ട്മെന്‍റിലും ചാര്‍ജ് ഗണ്യമായി വര്‍ധിപ്പിക്കണം. അല്ലെങ്കില്‍ എല്ലാവരും ആ വഴി പോകും, സില്‍വര്‍ ലൈനില്‍ ആരും വരില്ല. വിമാനത്തില്‍ പോകുന്ന യാത്രക്കാര്‍ വിമാനത്തില്‍ പോകുന്നത് കൊണ്ട് വിമാനം വെടിവെച്ചിടണമെന്ന് മാത്രം പറഞ്ഞില്ല. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും വരുന്നത് കോപ്ലിമെന്‍ററിയായാണ്, ബാക്കിയെല്ലാ പൊതുഗതാഗത സംവിധാനങ്ങളെയും വിഴുങ്ങുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍- വി.ഡി സതീശന്‍ പറഞ്ഞു.

വലിയ സാമ്പത്തിക ചെലവാണ് പദ്ധതിക്ക് വരികയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 64000 കോടിയാണ് കെ റെയില്‍ പദ്ധതിയുടെ ചെലവ് എന്നും ഇതിനെ ചോദ്യം ചെയ്യുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു ലക്ഷത്തിമുപ്പത്തി മൂവായിരം കോടിയാണ് നീതി ആയോഗ് 2018ല്‍ പദ്ധതിയുടെ ചെലവായി പറഞ്ഞത്. ഇപ്പോഴത്തെ നീതി ആയോഗിന്‍റെ കണക്കനുസരിച്ച് 60000 കോടിയാകും സില്‍വര്‍ ലൈനിന്. പ്രൊജക്ട് അവസാനിക്കുമ്പോ നോക്കുന്ന ചെലവ് കണക്കാക്കിയാല്‍ ഇത് രണ്ട് ലക്ഷം കോടിക്ക് അപ്പുറം പോവും. രണ്ട് ലക്ഷം കോടി രൂപ വായ്പയെടുക്കാന്‍ പറ്റിയ സ്ഥിതിയിലാണോ നമ്മുടെ ധനകാര്യ സ്ഥിതി. കുട്ടികള്‍ക്ക് പാലും മുട്ടയും കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് സില്‍വര്‍ ലൈനുമായി വരുന്നത്. കൊച്ചി മെട്രോയുടെ ഒരു ദിവസത്തെ നഷ്ടം ഒരു കോടിയാണ്. ഈ നഷ്ടങ്ങള്‍ കൊണ്ട് കേരളം എവിടെയെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.

പൗര പ്രമുഖരുമായി മുഖ്യമന്ത്രി മോണോ ലോഗ് നടത്തുകയാണെന്നും കേരളത്തെ ബനാന റിപ്പബ്ലിക്കായി മാറ്റാൻ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. എടുത്ത് ചാടി സമരത്തിന് ഇറങ്ങിയതല്ല പ്രതിപക്ഷം. തീവ്രവാദ ആരോപണം ഉന്നയിക്കുന്നത് ഏകാധിപതികളുടെ സ്വഭാവമാണ്. എതിർക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ഏകാധിപതികളാണെന്നും സതീശന്‍ വിമര്‍ശിച്ചു.

പദ്ധതി പരിസ്ഥിതിക്ക് ദോഷമാണെന്നും സർക്കാർ നടപടികൾ ദുരൂഹമാണെന്നും പ്രമേയം അവതരിപ്പിച്ച പി.സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സിൽവർലൈനിന് പിന്നിൽ ഗുരുതരമായ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ജനം ഡി.പി.ആർ കാണും മുമ്പ് സർക്കാർ മഞ്ഞക്കല്ല് ഇട്ടുതുടങ്ങിയെന്നായിരുന്നു എം.കെ മുനീറിന്‍റെ വിമർശനം.

Similar Posts