സിൽവർലൈൻ പദ്ധതി; നഷ്ടപരിഹാരമെന്നു കിട്ടുമെന്ന ചോദ്യത്തിനു മുന്നില്‍ കൈമലര്‍ത്തി കെ റെയിൽ എം.ഡി
|കൊല്ലത്ത് സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പൗരപ്രമുഖരോട് വിശദീകരിക്കുന്ന യോഗത്തിലാണ് എം.ഡിക്ക് കൃത്യമായ മറുപടി ഇല്ലാതെ പോയത്
സിൽവർലൈൻ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവർ നഷ്ടപരിഹാരത്തിന് എത്രകാലം കാത്തിരിക്കണമെന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാതെ കെ റെയിൽ എം. ഡി. കൊല്ലത്ത് സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പൗരപ്രമുഖരോട് വിശദീകരിക്കുന്ന യോഗത്തിലാണ് എം.ഡിക്ക് കൃത്യമായ മറുപടി ഇല്ലാതെ പോയത്. കനത്ത സുരക്ഷയിലായിരുന്നു സിൽവർലൈൻ വിശദീകരിക്കുന്ന യോഗം.
കൊല്ലത്ത് സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പൗരപ്രമുഖരോട് വിശദീകരിക്കുന്ന യോഗത്തിന്റെ മുൻ നിരയിൽ കടവൂർ ശിവദാസൻ മുതൽ എം നൗഷാദ് എം.എൽ.എ വരെ. പിൻനിരയിലാകട്ടെ ഇടത് അനുഭാവികളും സർക്കാരിനോട് അടുത്ത് നിൽക്കുന്ന വരും. സദസിൽ നിന്ന് സംസാരിച്ചവർ പദ്ധതിയെ കഴിയുന്നത്ര പുകഴ്ത്തി തന്നെ സംസാരിച്ചു. എന്നാൽ അതിനിടയിൽ വ്യത്യസ്തമായ ഒരു ചോദ്യം ഉയർന്നു. എന്ന് നഷ്ടപരിഹാരം തരും. ചോദ്യം വ്യത്യസ്തമായത് കൊണ്ടാകാം എം.ഡി ഒന്ന് പരുങ്ങി. പിന്നെ ഒഴുക്കൻ മട്ടിൽ ഒരു മറുപടി. എം.ഡിയുടെ പ്രതികരണത്തിന് പിന്നാലെ ആശങ്ക വേണ്ടെന്ന മറുപടിയുമായി ധനമന്ത്രി.
സി.കേശവൻ സ്മാരക ടൗൺ ഹാളിലെ വിശദീകരണയോഗത്തിൽ കെ.എൻ ബാലഗോപാലിന് പുറമെ മന്ത്രി ജെ.ചിഞ്ചുറാണിയും പദ്ധതി നടപ്പാക്കേണ്ടതിന്റെ ഉദ്ദേശശുദ്ധി വിശദീകരിച്ചു. എന്നാൽ പദ്ധതി വിശദീകരണ വേളയിൽ പല പ്രമുഖരും ഉറക്കത്തിലായിരുന്നു.