കെ റെയിൽ: സർക്കാരിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹരജി
|കേന്ദ്ര സർക്കാറിന്റെയും റെയിൽവെ ബോർഡിന്റെയും അനുമതിയില്ലാതെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നാണ് സർക്കാർ നേരത്തെ ഹൈകോടതിയിൽ നൽകിയ ഉറപ്പ്
റെയിൽ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹരജി. നേരത്തെ കോടതിക്ക് നൽകിയ ഉറപ്പു ലംഘിച്ച് ഭൂമി ഏറ്റെടുക്കുന്നുവെന്ന് ആരോപിച്ചാണ് ഹരജി. ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസയച്ചു. കേന്ദ്ര സർക്കാറിന്റെയും റെയിൽവെ ബോർഡിന്റെയും അനുമതിയില്ലാതെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നാണ് സർക്കാർ നേരത്തെ ഹൈകോടതിയിൽ നൽകിയ ഉറപ്പ്. ഇത് ലംഘിച്ചാണ് സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടി കോട്ടയം പെരുവ സ്വദേശി എം.ടി തോമസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ നോട്ടീസയച്ചത്. രണ്ടാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
കേരളത്തിൽ കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഹരജിക്കാരനടക്കമുള്ളവർ നേരത്തെ സിംഗിൾബെഞ്ച് മുമ്പാകെ ഹരജി നൽകിയിരുന്നു. ഇതിലാണ് കേന്ദ്ര സർക്കാറിന്റെയും റെയിൽവ ബോർഡിന്റെയും അനുമതി സംബന്ധിച്ച സർക്കാറിന്റെ ഉറപ്പുണ്ടായത്. ഈ ഉറപ്പ് രേഖപ്പെടുത്തി ഹരജി സിംഗിൾബെഞ്ച് തീർപ്പാക്കിയിരുന്നു. കെ റെയിലിന് കേന്ദ്ര സർക്കാറോ റെയിൽവെ ബോർഡോ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് തടയണമെന്നും സർക്കാറിന്റെ കോടതിയലക്ഷ്യ നടപടിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.