"കെ-റെയില്‍ പദ്ധതി കേരളം അംഗീകരിച്ചത്, 40 വര്‍ഷം കൊണ്ട് വായ്പ തിരിച്ചടക്കാം"; മുഖ്യമന്ത്രി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
|കെ റെയില്‍ പദ്ധതിക്ക് വായ്പയെടുക്കുക എന്നത് സ്വാഭാവിക രീതിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി നാല്പത് വര്‍ഷം കൊണ്ട് അടച്ചുതീര്‍ക്കേണ്ട വായ്പയാണ് ഇതിനായി എടുക്കുന്നതെന്നും അറിയിച്ചു
സില്‍വര്‍ ലൈന്‍ പദ്ധതി കേരളം അംഗീകരിച്ചതാണെന്നും വേഗം നടപ്പാക്കണമെന്നാണു പൊതുവികാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പശ്ചിമഘട്ടത്തെ തകർക്കുമെന്ന വിമർശനം അടിസ്ഥാന്ന രഹിതമാണെന്നും കെ റെയില്‍ വനമേഖലയിലൂടെ കടന്നുപോകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കെ റെയില്‍ പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്ന വാദം തെറ്റാണെന്നും ഇരു വശത്തും മതില് കെട്ടുമെന്ന ആരോപണം ഇല്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ- റെയില്‍ കേരളത്തിന് സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സില്‍വര്‍ ലൈനിനെ ആത്മാര്‍ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം മാത്രമാണ് നടക്കുന്നതെന്നും പിണറായി പറഞ്ഞു. സിൽവർലൈൻ രഹസ്യമായി കൊണ്ടുവന്ന പദ്ധതിയല്ല. ഇതിനെതിരെ യുഡിഎഫിനു സ്വന്തം അണികളെപ്പോലും വിശ്വസിപ്പിക്കാൻ കഴിയുന്നില്ല. ഏതുവിധേനയും പദ്ധതിയെ ഇല്ലാതാക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ചർച്ചയിലൂടെ പ്രതിപക്ഷം തുറന്നുകാട്ടപ്പെട്ടു. പൗരപ്രമുഖരുമായി സർക്കാർ സംവദിച്ചതു തെറ്റായി ചിത്രീകരിക്കുകയാണ്. ജനങ്ങളുമായി സംവദിക്കാൻ പല മാർഗങ്ങൾ സ്വീകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ റെയില്‍ പദ്ധതിക്ക് വായ്പയെടുക്കുക എന്നത് സ്വാഭാവിക രീതിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി നാല്പത് വര്‍ഷം കൊണ്ട് അടച്ചുതീര്‍ക്കേണ്ട വായ്പയാണ് ഇതിനായി എടുക്കുന്നതെന്നും അറിയിച്ചു. വരുന്ന നാല്പതു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വലിയ സാമ്പത്തിക വളര്‍ച്ചയാണ് വരാന്‍ പോകുന്നതെന്നും അതുകൊണ്ടുതന്നെ വായ്പയെടുക്കുന്നതില്‍ തകരാറില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തി പദ്ധതി നടപ്പാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്കി. വനമേഖലയുമായി ബന്ധപ്പെട്ട പരിസ്ഥിതി ദുര്‍ബല പ്രദേശത്തു കൂടി കെ റെയില്‍ കടന്നുപോകുന്നില്ല. പദ്ധതി കടന്നുപോകുന്ന ഒരു സ്ഥലത്തും സംരക്ഷിത പ്രദേശമോ ദേശീയ ഉദ്യാനങ്ങളോയില്ല. മാടായിപ്പാറ തുരന്നാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. കടലുണ്ടി പക്ഷി സങ്കേതത്തില്‍ നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായാണ് പോകുന്നത്. നെല്‍വയലുകളിലും കോള്‍നിലങ്ങളിലും മേല്‍പാലങ്ങളിലൂടെയാണ് റെയില്‍ കടന്നുപോകുന്നത്. ഏറ്റവും കുറവ് പാരിസ്ഥിതകാഘാതം ഉണ്ടാക്കുന്ന, പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം സില്‍വര്‍ ലൈന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ ഡാറ്റാ കൃത്രിമം നടത്തിയതായ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടി നല്കാന് സാധിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ചില കാര്യങ്ങളില്‍ ഡിപിആറിനെ ആശ്രയിച്ച മുഖ്യമന്ത്രി മറ്റുചില വിഷയങ്ങളില്‍ ഡിപിആറിനെ തള്ളിക്കൊണ്ടുള്ള മറുപടിയാണ് നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. അടിയന്തര പ്രമേയം സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.