കെ റെയിൽ പദ്ധതി; ആവശ്യമായ കരിങ്കല്ല് കര്‍ണാടക,തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടു വരാമെന്ന് ഡിപിആര്‍
|28.60 ലക്ഷം ഖനമീറ്റര്‍ കരിങ്കല്ലാണ് ആകെ വേണ്ടി വരിക. കേരളത്തില്‍ പുതിയ പത്ത് ക്വാറികളും ഇതിനായി ഡിപിആര്‍ നിര്‍ദേശിക്കുന്നു
സില്‍വര്‍ ലൈന്‍ നിര്‍മാണത്തിന് ആവശ്യമായ കരിങ്കല്ല് കേരളത്തില്‍ നിന്ന് മാത്രമായി കണ്ടെത്താനാകില്ലെന്ന് ഡിപിആര്‍. കേരളത്തിന് പുറമേ കരിങ്കല്ലിനായി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളെ കൂടി ആശ്രയിക്കേണ്ടി വരും. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ അനുമതി വാങ്ങണമെന്നാണ് ഡിപിആറിലെ നിര്‍ദേശം. അയല്‍ സംസ്ഥാനങ്ങളില്‍ നിലവാരമുള്ള കല്ലുകള്‍ കിട്ടുന്ന സ്ഥലങ്ങളും ഇതിനായി ഡിപിആറില്‍ എടുത്ത് പറയുന്നു.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ എരണിയില്‍,കോയന്പത്തൂരിലെ മധുക്കര,ദക്ഷിണ കന്നഡയിലെ മംഗ്ലുരു കെ പുത്തൂര്‍ എന്നീ സ്ഥലങ്ങളാണ് ഡിപിആര്‍ നിര്‍ദേശിക്കുന്നത്. ഇതിന് പുറമേയാണ് പാത കടന്ന് പോകുന്ന സ്ഥലങ്ങളില്‍ ക്വാറിക്കുള്ള നിര്‍ദേശം
28.60 ലക്ഷം ഖനമീറ്റര്‍ കരിങ്കല്ലാണ് ആകെ വേണ്ടി വരിക. കേരളത്തില്‍ പുതിയ പത്ത് ക്വാറികളും ഇതിനായി ഡിപിആര്‍ നിര്‍ദേശിക്കുന്നു. 75 മുതല്‍ 100 കിലോമീറ്റര്‍ വരെയുള്ള പരിധിയില്‍ ഒരു ക്വാറി വേണം. 116 ഹെക്ടറര്‍ സ്ഥലം ഇതിനായി താല്‍ക്കാലികമായി ഏറ്റെടുക്കും. ആറ്റിങ്ങല്‍, കുണ്ടറ, മഹാദേവപുരം എന്നിവിടങ്ങളില്‍ രണ്ട് വീതം ക്വാറികള്‍ ഉണ്ടാവണം. കണയന്നൂര്‍,നടുവട്ടം,വെള്ളാര്‍ക്കാട്,കുണ്ടില്‍ എന്നിവിടങ്ങളില്‍ ഓരോ ക്വാറിയും വേണമെന്നാണ് ഡിപിആറിലെ കണ്ടെത്തല്‍.
കോണ്‍ഗ്രീറ്റ് ജോലികള്‍ക്കായി നദിയില്‍ നിന്നുള്ള മണ്ണും എം സാന്‍ഡും ഉപയോഗിക്കും. ഭൂമി കുഴിച്ച് പാത കടന്ന് പോകുന്ന സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന മണ്ണ് മറ്റിടങ്ങളില്‍ നിര്‍മാണത്തിനായി ഉപയോഗിക്കാന്‍ കഴിയുമെന്നും വിശദ പദ്ധതി രേഖയില്‍ വ്യക്തമാക്കുന്നു.