Kerala
കെ-റെയിൽ പ്രതിഷേധം; കോട്ടയത്ത് ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരെ തടഞ്ഞ് പൊലീസ്
Kerala

കെ-റെയിൽ പ്രതിഷേധം; കോട്ടയത്ത് ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരെ തടഞ്ഞ് പൊലീസ്

Web Desk
|
22 March 2022 4:29 AM GMT

ഇന്നലെ പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ നിർത്തിവെച്ച പ്രദേശങ്ങളില്ലാം ഇന്ന് ഉദ്യോഗസ്ഥർ വീണ്ടുമെത്തുമെന്നാണ് അറിയിച്ചിരുന്നത്

കോട്ടയം കുഴിയാലിപ്പടിയിൽ കെ റെയിൽ സർവേ കല്ലിടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കെ-റെയിൽ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരെ പൊലീസ് തടഞ്ഞു. കെ-റെയിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുകയാണ്.

ഇന്നലത്തെ പ്രതിഷേധം മുന്നിൽ കണ്ട് കൊണ്ടു തന്നെ കൂടുതൽ മുൻകരുതലോടെയാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയിരിക്കുന്നത്. കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ എതിർപ്പുകളെയെല്ലാം മറികടന്ന് സർവേ കല്ല് സ്ഥാപിക്കാൻ തന്നെയാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഉദ്യോഗസ്ഥർക്ക് സുരക്ഷ നൽകാനുള്ള നടപടികളും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. സർവേ നടപടികൾ മാത്രമാണ് ഇന്ന് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചോറ്റാനിക്കരയിലും ഇന്ന് സർവേ നടപടികളുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഇന്നലെ പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ നിർത്തിവെച്ച പ്രദേശങ്ങളില്ലാം ഇന്ന് ഉദ്യോഗസ്ഥർ വീണ്ടുമെത്തുമെന്നാണ് അറിയിച്ചിരുന്നത്. എറണാകുളത്ത് ചോറ്റാനിക്കരയിലാണ് ഇന്നലെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും ഇവിടെ പ്രദേശവാസികൾക്ക് പിന്തുണയുമായി എത്തിയിരുന്നു.

കോഴിക്കോട് വെസ്റ്റ് കല്ലായിയിലും സർവേ കല്ല് സ്ഥാപിക്കാൻ ഇന്ന് ഉദ്യോഗസ്ഥരെത്തും. കല്ലായിയിലും സമരസമിതി പ്രവർത്തകരും പൊലീസും തമ്മിൽ ഇന്നലെ പല തവണ സംഘർഷമുണ്ടായിരുന്നു. നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങിയിരുന്നു. വീണ്ടും ഉദ്യോഗസ്ഥർ കല്ലിടൽ നടപടികളുമായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്.

സംഘടിച്ചെത്തിയ നാട്ടുകാർ ഒരു തരത്തിലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്ന് പൊലീസുമായി വാക്കുതർക്കമുണ്ടാവുകയും സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ തന്നെ ഏർപ്പെടുത്തേണ്ട സാഹചര്യവും ഉണ്ടായി. തുടർന്നാണ് കല്ലിടാൻ എത്തിയവർ പിരിഞ്ഞു പോവുന്ന സാഹചര്യം ഉണ്ടായത്.

ഉച്ചക്ക് പിരിഞ്ഞു പോയ സംഘം മറ്റൊരു ദിവസം കളക്ടറുമായി സംസാരിച്ച ശേഷം വരാമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. തുടർന്ന് ആളുകളെല്ലാം ഇവിടെ നിന്ന് പിരിഞ്ഞു പോയിരുന്നു. എന്നാൽ ഉച്ചക്ക് രണ്ടരയോടുകൂടിയാണ് സംഘം വീണ്ടും ഒരു വീട്ടിൽ കല്ലാടാൻ എത്തിയത്. വീട്ടിൽ കയറിയ ശേഷം സമര സമിതി പ്രവർത്തകർ അകത്തു കടക്കാതിരിക്കാൻ ഗെയ്റ്റ് അകത്തു നിന്നും പൂട്ടുകയും ചെയ്തു.

കല്ലിട്ട് പുറത്തിറങ്ങിയതിന് ശേഷം കൂടുതൽ സമര സമിതി പ്രവർത്തകർ സംഘടിച്ചെത്തുകയും അവിടെ സ്ഥാപിച്ച കെ റെയിൽ കല്ല് പിഴിതു കളയുകയും ചെയ്തു. തുടർന്ന് മറ്റെവിടെയും കല്ലിടാൻ ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. സിൽവർലൈൻ പദ്ധതിക്കെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വീണ്ടും വ്യക്തമാക്കി. സിൽവർലൈൻ കല്ലുകൾ പിഴുതെറിഞ്ഞ് ജയിലിൽ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലിൽ പോകാൻ യുഡിഎഫ് നേതാക്കൾ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയുണ്ടെന്നും സതീശൻ പറഞ്ഞു.

Similar Posts