കെ.റെയിൽ: റെയിൽവേ മന്ത്രി ബിജെപി നേതാക്കളോട് ഉത്തരം പറഞ്ഞു, പറയേണ്ടിയിരുന്നത് പാർലമെന്റിൽ; എൻ.കെ.പ്രേമചന്ദ്രൻ
|സിൽവർ ലൈൻ പദ്ധതിക്കായി നിലവിൽ ഭൂമി ഏറ്റെടുക്കാനാവില്ലെന്നാണ് റെയിൽവേ മന്ത്രി ബിജെപി നേതാക്കളെ അറിയിച്ചത്
കെ.റെയിൽ വിഷയത്തിൽ പാർലമെന്റിൽ ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി നേതാക്കളോട് പറഞ്ഞതായി എൻ.കെ.പ്രേമചന്ദ്രൻ എംപി. പാർലമെന്റിന്റെ അവഹേളിക്കുന്ന നടപടിയാണിത്. കേരളത്തിൽ നിന്നെത്തിയെ ബിജെപി നേതാക്കളോട് വിശദാംശങ്ങൾ വെളിപ്പെടുത്തിയതിനെ കുറിച്ച് മീഡിയ വണിനോട് പ്രതികരിക്കുകയായിരുന്നു എംപി.
സിൽവർ ലൈൻ പദ്ധതിക്കായി നിലവിൽ ഭൂമി ഏറ്റെടുക്കാനാവില്ലെന്നാണ് റെയിൽവേ മന്ത്രി ബിജെപി നേതാക്കളെ അറിയിച്ചത്. അന്തിമ ലൊക്കേഷൻ സർവേയൊന്നും കൂടാതെ ഭൂമി ഏറ്റെടുക്കാൻ സാധിക്കില്ല. പദ്ധതിയിലെ സാങ്കേതിക പിഴവുകൾ ഇ.ശ്രീധരൻ ചൂണ്ടിക്കാട്ടിയതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. കെ.റെയിൽ പദ്ധതിയുടെ വിശദാംശങ്ങളാണ് പാർലമെന്റിൽ താൻ ചോദിച്ചതെന്ന് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. കൃത്യമായ ഉത്തരം നൽകാതെ മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.
കേന്ദ്രമന്ത്രി വി മുരളീധരൻ, മെട്രോമാൻ ഈ ശ്രീധരൻ,ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരുൾപ്പെടുന്ന ബി.ജെ.പിയുടെ പ്രതിനിധി സംഘവുമായിട്ടാണ് അശ്വനി വൈഷ്ണവ് കൂടിക്കാഴ്ച നടത്തിയത്. എൻ.കെ.പ്രേമചന്ദ്രൻ,കെ.മുരളീധരൻ എന്നിവരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് കെ.റെയിലിന്റെ ഡിപിആർ അപൂർണമാണെന്ന് റെയിൽമന്ത്രി അറിയിച്ചത്.