പദ്ധതിബാധിതരെ മനസിലാക്കണം; സർവേ കല്ലുകൾ അനിവാര്യമെന്ന് കെ- റെയിൽ
|തത്വത്തിൽ അനുമതി ലഭിക്കുന്ന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെയുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാവുന്നതാണെന്നും കെ- റെയിൽ ആവർത്തിക്കുന്നു
സാമൂഹികാഘാതപഠനത്തിന് സർവേ കല്ലുകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് കെ- റെയിൽ. ഇല്ലെങ്കിൽ പദ്ധതി ആഘാതമേൽപ്പിക്കുന്നവരെ കണ്ടെത്താൻ കഴിയില്ലെന്ന വാദമാണ് കെ- റെയിൽ മുന്നോട്ടുവെക്കുന്നത്. റെയില്‍വെ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടിയശേഷം മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും കെ- റെയിൽ ആവർത്തിച്ചു.
സർവേയുമായി മുന്നോട്ട് പോകാൻ സുപ്രിംകോടതി അനുമതി ലഭിച്ചതിന് പിന്നാലെയാണ് കെ- റെയിലിൻ്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള വിശദീകരണം. തത്വത്തില്‍ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കാവുന്നതാണെന്ന് കെ- റെയിൽ ആവർത്തിക്കുന്നു.
കേന്ദ്രനിയമത്തിന് കീഴില്‍ സാമൂഹികാഘാത പഠനം നടത്തുകയും സംസ്ഥാന നിയമത്തിനു കീഴില്‍ അതിരടയാളം സ്ഥാപിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ പ്രവര്‍ത്തനം നിയമവിധേയമാണ്. ഇങ്ങനെ തന്നെയാണ് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനുശേഷം കേരളത്തിലെ എല്ലാ പദ്ധതികളിലും സാമൂഹികാഘാത പഠനം നടത്തിയിരിക്കുന്നതെന്നും കെ- റെയിൽ ചൂണ്ടി കാട്ടി.
സാമൂഹികാഘാത പഠനം നടത്തണമെങ്കില്‍ ബാധിക്കപ്പെടുന്നവരെ കണ്ടെത്തണം. ഇതിന് അലൈന്‍മെന്റിന് സർവേ കല്ലുകൾ സ്ഥാപിക്കണമെന്നും വിമർശനങ്ങൾക്ക് കെ- റെയിൽ മറുപടി നൽകുന്നു. ഭൂമി ഏറ്റെടുക്കുന്നതിനായി സർക്കാരിന് അപേക്ഷ നൽകിയത് കെ- റെയിലാണെന്ന് വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് തങ്ങളുടെ ആവശ്യപ്രകാരമാണെന്ന് കൂടി വരികൾക്കിടയിലൂടെ സമ്മതിക്കുകയാണ് കെ റെയിൽ. ബഫർസോണിൽ നഷ്ട പരിപാരം ലഭിക്കില്ലെന്നത് പുതിയ വിശദീകരണത്തിലും ആവർത്തിക്കുന്നുണ്ട്.