കെ റെയിൽ സംവാദം ഇന്ന്; പദ്ധതിയെ എതിർക്കുന്നതിൽ പങ്കെടുക്കുന്നത് ഒരാൾ മാത്രം
|ക്ഷണിക്കപ്പെട്ട സദസ്സിനു മാത്രമായിരിക്കും പ്രവേശനം
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് കെ റെയില്‍ സംഘടിപ്പിക്കുന്ന സംവാദം ഇന്ന് നടക്കും. രാവിലെ 11 ന് തിരുവനന്തപുരത്തുളള ഹോട്ടല്‍ താജ് വിവാന്തയിലാണ് പരിപാടി. പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർപക്ഷത്ത് നിന്ന് ഡോ. ആർ വി ജി മേനോനും ഉൾപ്പെടുന്നതാണ് പാനൽ .
സര്‍ക്കാര്‍ നേരിട്ട് ക്ഷണിക്കാത്തതിനാല്‍ അലോക് കുമാര്‍ വര്‍മ്മ സ്വയം പിന്‍മാറിയപ്പോള്‍, ജോസഫ് സി മാത്യുവിനെ സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കുകയും ചെയ്തു. പകരം നിശ്ചയിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനും കെ റെയില്‍ സംഘാടകരായതിനെ തുടര്‍ന്ന് പിന്‍മാറി. പദ്ധതിയെക്കുറിച്ച് വ്യത്യസ്ത നിലപാടുകളുള്ളവര്‍ ചര്‍ച്ചയില്‍ അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുമെന്ന് കെ റെയില്‍ അവകാശപ്പെടുമ്പോഴും പദ്ധതിയെ എതിര്‍ക്കുന്ന ഒരാള്‍ മാത്രമാകും സംസാരിക്കാന്‍ ഉണ്ടാവുക.
കണ്ണൂര്‍ ഗവണ്‍മെന്‍റ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ടയര്‍ഡ് പ്രിന്‍സിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റുമായ ഡോ. ആര്‍.വി.ജി മേനോന്‍ പദ്ധതിയെ എതിര്‍ത്ത് സംസാരിക്കും. ഇദ്ദേഹത്തിന് കൂടുതല്‍ സമയം അനുവദിക്കാനാണ് തീരുമാനം. എന്നാല്‍ റിട്ടയേര്‍ഡ് റെയില്‍വേ ബോര്‍ഡ് മെമ്പര്‍ സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, എന്നിവര്‍ പദ്ധതിയെ അനുകൂലിച്ച് വാദിക്കും. നാഷണല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേസില്‍ നിന്ന് വിമരിച്ച സീനിയര്‍ പ്രൊഫസര്‍ മോഹന്‍ എ മേനോനായിരിക്കും മോഡറേറ്റര്‍. ക്ഷണിക്കപ്പെട്ട സദസ്സിനു മാത്രമായിരിക്കും പ്രവേശനം.