Kerala
കെ റെയിൽ സർവേ നടപടികൾ പുനരാരംഭിച്ചു; കോട്ടയത്ത് പ്രതിഷേധക്കാര്‍ സര്‍വേ കല്ല് പിഴുതു മാറ്റി
Kerala

കെ റെയിൽ സർവേ നടപടികൾ പുനരാരംഭിച്ചു; കോട്ടയത്ത് പ്രതിഷേധക്കാര്‍ സര്‍വേ കല്ല് പിഴുതു മാറ്റി

Web Desk
|
26 March 2022 4:29 AM GMT

ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെയും കെ റെയിൽ വിരുദ്ധ സമര സമിതിയുടെയും തീരുമാനം

സംസ്ഥാനത്ത് നിർത്തിവെച്ച കെ റെയിൽ സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങി. കോട്ടയം കുഴിയാലിപ്പടിയിൽ സർവേകല്ലുമായി എത്തിയ വാഹനങ്ങൾ നാട്ടുകാരും സമര സമിതി നേതാക്കളും തടഞ്ഞു. പ്രതിഷേധവുമായി എത്തിയ സമരക്കാര് കെ റെയില് കല്ല് പിഴുതു മാറ്റി. നട്ടാശ്ശേരിയില്ലും നാട്ടുകാരുടെ പ്രതിഷേധം കനക്കുകയാണ്. ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെയും കെ റെയിൽ വിരുദ്ധ സമര സമിതിയുടെയും തീരുമാനം. പ്രദേശത്ത് എട്ടോളം കല്ലുകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. ആറോളം കല്ലുകളായിരുന്നു ഈ മേഖലയിൽ സ്ഥാപിക്കാനുണ്ടായിരുന്നത്.

ഇന്നലെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കെ റെയിൽ സർവേ താത്കാലികമായി നിർത്തിവച്ചിരുന്നു. സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ദിവസങ്ങളായി തുടരുകയാണ്. പലയിടത്തും കല്ല് സ്ഥാപിക്കുന്നു പ്രതിഷേധക്കാർ എടുത്തു കളയുന്നു എന്നതാണ് രീതി. ഇതിനിടയിലാണ് സംസ്ഥാനത്ത് ഒരിടത്തും ഇന്നലെ സർവേ നടക്കാതിരുന്നത്. സർവേ ഉള്ളതായി അറിയിച്ച ജില്ലകളിലെല്ലാം രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.

ഔദ്യോഗികമായി സർവേ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് കെ റെയിൽ വിശദീകരണം. ഓരോ ജില്ലയിലെയും സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും കെ റെയിൽ വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ സർവേ നടത്തുന്ന കേരള വോളൻററി ഹെൽത്ത് സർവീസ് പുതിയ സാഹചര്യത്തിൽ സർവേ പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. പാർട്ടി കോൺഗ്രസ് മുന്നിൽ കണ്ടാണ് കെ റെയിൽ സർവേ നിർത്തിവച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Similar Posts