കെ റെയിൽ സർവേ സർക്കാർ ഇടപെട്ട് നിർത്തിവെപ്പിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി
|ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സ്ഥലമേറ്റെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കെ റെയിൽ സർവേ നടപടികൾ സർക്കാർ ഇടപെട്ട് നിർത്തിവെപ്പിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ.രാജൻ. അത് സാഹചര്യത്തിന്റെ സമ്മർദം കൊണ്ട് സംഭവിച്ചതാണ്. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സ്ഥലമേറ്റെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സാമൂഹികാഘാത പഠനത്തിന്റെ ഘട്ടത്തിലാണ് പദ്ധതി ഇപ്പോൾ നിൽക്കുന്നത്. അതിന് ശേഷമേ സർക്കാർ തുടർനടപടികളിലേക്ക് കടക്കൂ. സമൂഹത്തിന് എന്തെങ്കിലും ആഘാതം ഉണ്ടാകുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നാൽ അത് വിദഗ്ധസമിതി പരിശോധിക്കും. അത്തരം കാര്യങ്ങൾ വിദഗ്ധസമിതി പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ റെയിലിന് സർവേ കല്ല് സ്ഥാപിക്കുന്നത് ഏതാനും ദിവസങ്ങളായി നിർത്തിവെച്ചിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്നതിനാലാണ് കല്ലിടൽ നിർത്തിവെച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. സാമൂഹികാഘാത പഠനത്തിന് ശേഷം മാത്രമേ സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികളിലേക്ക് പോവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.