കെ റെയില്‍ കടലുണ്ടി പക്ഷി സങ്കേതത്തിലൂടെ; പൊളിക്കേണ്ടി വരിക 520 കെട്ടിടങ്ങള്‍
|കോഴിക്കോട് ജില്ലയില്‍ സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന വഴികളില്‍ ജനനിബിഡ മേഖലയും കണ്ടല്‍കാടുകളും പക്ഷിസങ്കേതവും ഉൾപ്പെടുന്നു. 8 കിലോമീറ്ററോളം ഭൂഗര്‍ഭ പാതയാണെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ക്കായിട്ടില്ല. ജില്ലയില്‍ 121 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. 520 കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും.
തദ്ധേശീയരും വിദേശികളുമായ ദേശാടന കിളികളുടെ ഇഷ്ടതാവളമായ കടലുണ്ടി ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വു കൂടിയാണ് . ഇവിടെ മുതല്‍ കെ റെയില്‍ കടന്നു പോകുന്ന തീരദേശ മേഖലയിലെല്ലാം ജന സാന്ദ്രത കൂടുതലാണ് . ജലവിതാനവും ഉയര്‍ന്നതാണ്. കൂട്ടത്തില്‍ കോഴിക്കോട്ടെ സ്റ്റേഷന് വേണ്ടി കണ്ടെത്തിയ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ വീടുകളുള്ളത് .മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ അമ്പതിനായിരത്തോളം പേര് തിങ്ങിത്താമസിക്കുന്ന തെക്കേ പുറത്തിന്റെ ഒരു ഭാഗത്തായിരിക്കും നിര്‍ദ്ധിഷ്ട സ്റ്റേഷന് .ഭൂമിക്കടിയിലൂടെയാണ് ഇതുവഴി പാത കടന്നു പോകുന്നതെങ്കിലും പ്രദേശവാസികള്‍ ആശങ്കയിലാണ്.
റെസിഡന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കെ റെയില്‍ വിരുദ്ധ സമരത്തിന് തുടക്കം കുറിച്ച കോഴിക്കോട് ജില്ലയില്‍ പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ വരെ 7.9 കി മി ദൂരമാണ് ഭൂഗര്‍ഭ പാതയെന്നാണ് പദ്ധതി രൂപരേഖ വ്യക്തമാക്കുന്നത്. ഇതനുസരിച്ച് തന്നെ ജില്ലയില്‍ 121 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. 520 കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും .കല്ലായിപ്പുഴ ക്കടിയിലൂടെയായിരിക്കും പാത കടന്നു പോകുക. നിര്‍മ്മാണ ഘട്ടത്തില്‍
ഇവിടെ നീരൊഴുക്ക് തടസ്സപ്പെടുമെന്ന് പദ്ധതി രേഖ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
News Summary : K Rail through Kadalundi Bird Sanctuary; 520 buildings to be demolished