സിൽവർ ലൈൻ കല്ലിടൽ തുടരുമെന്ന് കെ-റെയിൽ; പ്രതിരോധം തീർക്കുമെന്ന് പ്രതിപക്ഷം
|ഒരിടവേളയ്ക്ക് ശേഷം ഇന്നലെയാണ് കെ-റെയിൽ സർവേ നടപടികൾ പുനരാരംഭിച്ചത്
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി കല്ലിടൽ തുടരാൻ കെ-റെയിൽ തീരുമാനം. ഇത് സംബന്ധിച്ച് ഏജൻസികൾക്ക് നിർദേശം നൽകിയതായും കെ-റെയിൽ അറിയിച്ചു. എന്നാൽ കല്ലിടൽ നടപടിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പൊലീസിന്റെ സഹായത്തോടെയാകും കല്ലിടൽ. ജനങ്ങൾ പ്രതിഷേധിച്ചാൽ തൽക്കാലത്തേക്ക് കല്ലിടൽ നടപടിയിൽ നിന്നും പിൻവാങ്ങാനാണ് സാധ്യത. ഒരിടവേളയ്ക്ക് ശേഷം ഇന്നലെയാണ് കെ-റെയിൽ സർവേ നടപടികൾ പുനരാരംഭിച്ചത്.
തിരുവനന്തപുരത്തും കണ്ണൂരിലുമാണ് സർവേ പുനരാംരംഭിച്ചത്. രണ്ടിടത്തും വലിയ പ്രതിഷേധം നേരിട്ടു. കണ്ണൂരിൽ ഇന്നലെ നാട്ടിയ 32 കല്ലുകളും പിഴുതെറിഞ്ഞു. എന്നാൽ പിന്നോട്ടില്ലെന്നാണ് സർക്കാർ തീരുമാനം. ഇന്നു മുതൽ മറ്റ് ജില്ലകളിലും സർവേ പുനരാരംഭിക്കാൻ ശ്രമിക്കും. എല്ലായിടത്തും ഒറ്റ ദിവസമായിരിക്കില്ല കല്ലിടുക. ജനങ്ങളുടെ പ്രതിഷേധം മനസിലാക്കാനായി തെരഞ്ഞെടുത്ത സ്ഥലങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ കല്ലിടുക.
സമാന്തരമായി സർക്കാർ സംവിധാനങ്ങൾ വഴി ബോധവത്കരണവും നടത്തും. കരിച്ചാറയിലെ പോലീസ് നടപടി ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മന്ത്രിമാരടക്കമുള്ളവരെ പദ്ധതി പ്രദേശത്ത് ബോധവത്കരണത്തിന് നിയോഗിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. ഇതിനെ മറികടക്കാൻ യു.ഡി.എഫും വീട് കയറിയുള്ള പ്രചാരണവും പദയാത്രകളും സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ തുടരുന്നതിനാൽ സർവേ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്നാണ് കെ റെയിൽ അധികൃതരുടേയും വിലയിരുത്തൽ.