Kerala
കെ റെയിലില്‍ നിന്ന് പിന്നോട്ടില്ല, പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നാടിന്‍റെ വികസനത്തെ ബാധിക്കും; മുഖ്യമന്ത്രി
Kerala

കെ റെയിലില്‍ നിന്ന് പിന്നോട്ടില്ല, പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നാടിന്‍റെ വികസനത്തെ ബാധിക്കും; മുഖ്യമന്ത്രി

Web Desk
|
13 Oct 2021 7:40 AM GMT

പദ്ധതി നടപ്പായാല്‍ ആയിരങ്ങള്‍ ഭവനരഹിതരാകുമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

കെ റെയിൽ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നാടിന്‍റെ വികസനത്തെ ബാധിക്കുമെന്നു മുഖ്യമന്ത്രി. പദ്ധതിക്കു മുമ്പ് പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കി. അർഹമായ നഷ്ടപരിഹാരം നൽകിയാണ് ഭൂമിയേറ്റെടുക്കുന്നതെന്നും ഒരാൾ പോലും ഭവനരഹിതരാകില്ലെന്നും മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു. പദ്ധതി നടപ്പായാല്‍ ആയിരങ്ങള്‍ ഭവനരഹിതരാകുമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കെ റെയിൽ പദ്ധതി ജനങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതെന്നാരോപിച്ച് പ്രതിപക്ഷത്തുനിന്ന് എം കെ മുനീറാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷം വികസനത്തിന് എതിരല്ലെന്നും പദ്ധതി പ്രായോഗികമല്ലാത്തതിനാലാണ് എതിർക്കുന്നതെന്നും എം.കെ മുനീർ പറഞ്ഞു.

"ജനങ്ങളുടെ ആശങ്കയാണ് പ്രതിപക്ഷം പങ്കുവയ്ക്കുന്നത്. ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവർ ചില ജില്ലകളിൽ തീവ്രവാദികൾ, ചില ജില്ലകളിൽ മാവോയിസ്റ്റുകൾ എന്നിങ്ങനെയാണ് സർക്കാർ നിലപാട്. കെ റെയിൽ സംസ്ഥാനത്തിൻറെ പ്രകൃതിവിഭവങ്ങൾ ഊറ്റി കുടിച്ചു കൊണ്ടാകരുത്. ബുദ്ധദേവ് ഭട്ടാചാര്യയെ ഉപദേശിച്ച ചിലരാണ് സർക്കാരിനു ഉപദേശം നൽകുന്നത്. മെഗാ പദ്ധതികൾക്ക് പ്രതിപക്ഷം എതിരല്ല. പൈസ കൊടുത്താൽ എല്ലാം ആയി എന്ന ധാരണ തെറ്റാണ്. പണം നൽകിയാൽ ജനങ്ങൾ എങ്ങോട്ട് പോകും എവിടെയാണ് ഭൂമി. റെയിലിനും കടലിനുമിടയിൽ കുടുങ്ങിപ്പോകുന്ന ജനങ്ങൾ ഉണ്ട്. പ്രായോഗികമായ പദ്ധതികൾ കൊണ്ടുവരാം വരാം. ബദൽ മാർഗത്തിന് പ്രതിപക്ഷവുമായി ചർച്ച ചെയ്യാം." - എം.കെ മുനീർ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിക്കൊണ്ടു പറഞ്ഞു.

എന്നാല്‍ അനാവശ്യമായ ആശങ്ക ജനങ്ങളിൽ വളർത്തരുതെന്ന് നോട്ടീസിനു മറുപടി നല്‍കിക്കൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. "സംസ്ഥാനത്തിന്‍റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ആൾക്കാർ ഗൗരവത്തോടെ എടുക്കുന്നതാണ് കെ റെയിൽ. ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകും. സംസ്ഥാനത്ത് റെയിൽ വികസനം മന്ദഗതിയിലാണ്. ഒരറ്റം മുതൽ മറ്റേ അറ്റം വരെ യാത്ര ചെയ്യാൻ 16 മണിക്കൂർ ഇപ്പോൾ എടുക്കുന്നു. ഇതിനൊരു മാറ്റം ആവശ്യമാണ്. അതിനുള്ള ഏറ്റവും നല്ല പരിഹാരമാർഗമാണ് കെ റെയിൽ . തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാലുമണിക്കൂർ കൊണ്ട് യാത്ര ചെയ്യാം. സംസ്ഥാനത്തിന്‍റെ പശ്ചാത്തല സൗകര്യ മേഖലയിൽ വലിയ മാറ്റം ഉണ്ടാകും. ഭൂമി ഏറ്റെടുക്കുന്നതിന് ആധുനിക സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് നിലവിലെ ചട്ടങ്ങൾ കൃത്യമായി പാലിക്കും. നഷ്ടപരിഹാരം സമയബന്ധിതമായി നൽകും. ആരാധനാലയങ്ങളെ മറ്റും പരമാവധി ബാധിക്കാത്ത തരത്തിലാണ് പാത കണ്ടെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ സഹായം നൽകാൻ മുന്നോട്ടു വന്നിട്ടുണ്ട്.വിവിധ സ്ഥാപനങ്ങളുമായി ചർച്ച പുരോഗമിക്കുന്നു."- മുഖ്യമന്ത്രി വ്യക്തമാക്കി.

Related Tags :
Similar Posts