കെ. എസ്. ആർ. ടി. സി രണ്ടാം ഗഡു ശമ്പളം; നെട്ടോട്ടമോടി മാനേജ്മെന്റ്
|ഇന്നലെ 30 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ശമ്പളം നൽകാൻ ഈ തുക മതിയാകില്ല
തിരുവനന്തപുരം: കെ. എസ്. ആർ. ടി. സി ജീവനക്കാർക്കുള്ള ശമ്പളത്തിന്റെ രണ്ടാം ഗഡു വിതരണം ചെയ്യാൻ നെട്ടോട്ടമോടുകയാണ് മാനേജ്മെന്റ്. ഇന്നലെ 30 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ശമ്പളം നൽകാൻ ഈ തുക മതിയാകില്ല. കുടിശിക ഉള്ളതിനാൽ എസ്. ബി. ഐയിൽ നിന്ന് ഓവർ ഡ്രാഫ്റ്റെടുക്കാനും കഴിയാത്ത സാഹചര്യമാണ്. നിലവിൽ ഇന്ധനത്തിനുള്ള തുകയെടുത്ത് ശമ്പളം വിതരണം ചെയ്യാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത് .
12 കോടി രൂപ കൂടി ഉണ്ടെങ്കിലെ കെ. എസ്. ആർ. ടി. സിക്ക് രണ്ടാം ഗഡു വിതരണം ചെയ്യാൻ സാധിക്കു. ജനുവരിയിലേയും ഫെബ്രുവരിയിലെയും ചേർത്ത് 40 കോടി രൂപ കെ. എസ്. ആർ. ടി. സിക്ക് സർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. ഈ തുക ലഭിച്ചാൽ കെ. എസ്. ആർ. ടി. സിക്ക് താൽക്കാലിക ആശ്വാസമാകും.
മാർച്ച് 18 ന് പ്രതിപക്ഷ യൂനിയനുകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു മുൻപ് ശമ്പളം വിതരണം നടത്താനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. ഗഡുക്കളായുള്ള ശമ്പള വിതരണത്തിലെ യൂണിയനുകളുടെ പ്രതിഷേധം തുടരുകയാണ്. 18ന് ഗതാഗത മന്ത്രിയുമായി സിഐടിയു വീണ്ടും ചർച്ച നടത്തുമെങ്കിലും 14, 15 തീയതികളിലായി ഭാവിസമര പരിപാടികൾ ചർച്ചചെയ്യാൻ അവരുടെ ഭാരവാഹി യോഗം ചേരുന്നതാണ്. സംയുക്ത സമരം എന്നതിൽ ടി.ഡി.എഫും 18ന് തീരുമാനമെടുക്കും.