സ്വകാര്യ സ്പോൺസർഷിപ്പുകൾക്ക് അനുവാദമില്ല; കെ.എല്‍.എഫ് പോലെ കേരള സാഹിത്യ അക്കാദമിക്ക് പരിപാടികള്‍ നടത്താനാവില്ലെന്ന് സച്ചിദാനന്ദന്‍
|കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഡയറക്ടര്‍ സച്ചിദാനന്ദനായിരുന്നു
കെ.എല്‍.എഫ് പോലെ കേരള സാഹിത്യ അക്കാദമിക്ക് പരിപാടികള്‍ നടത്താനാവില്ലെന്ന് പ്രസിഡന്‍റ് കെ.സച്ചിദാനന്ദന്‍.കെ. എൽ. എഫിൻ്റെ ചെലവിൻ്റെ ആറിൽ ഒന്ന് പോലും വരില്ല അക്കാദമിയുടെ വാർഷിക ബജറ്റെന്നും ദൈനംദിന കാര്യങ്ങൾ നടത്താൻ പോലും വേണ്ടത്ര സ്റ്റാഫില്ലെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഡയറക്ടര്‍ സച്ചിദാനന്ദനായിരുന്നു. ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ നിരവധി പ്രമുഖ എഴുത്തുകാരാണ് പങ്കെടുത്തത്. കെ.എല്‍.എഫില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കവി എസ്. ജോസഫ് സാഹിത്യ അക്കാദമിയില്‍ നിന്നും രാജിവച്ചത് വിവാദമായിരുന്നു.
സച്ചിദാനന്ദന്‍റെ കുറിപ്പ്
കേരള സാഹിത്യോത്സവം പോലെ ഒന്ന് അക്കാദമിക്ക് നടത്തിക്കൂടെ എന്ന് ചിലർ ചോദിച്ചു കണ്ടു. കെ. എൽ. എഫിൻ്റെ ചെലവിൻ്റെ ആറിൽ ഒന്ന് പോലും വരില്ല അക്കാദമിയുടെ വാർഷിക ബജറ്റ്. ഞങ്ങൾക്ക് സ്വകാര്യ സ്പോൺസർഷിപ്പുകൾക്ക് അനുവാദമില്ല. രജിസ്ട്രേഷൻ ഫീ വാങ്ങിയാൽ ജനങ്ങൾ എതിർക്കും. ദൈനംദിന കാര്യങ്ങൾ നടത്താൻ പോലും വേണ്ട സ്റ്റാഫ് ഇല്ല. എന്നിട്ടും ഒമ്പതു മാസത്തിനിടെ അമ്പതിലേറെ പരിപാടികൾ നടത്തി, വിപുലമായ ദശദിന പുസ്തകോത്സവം ഉൾപ്പെടെ. എല്ലാം വലിയ സഹൃദയപങ്കാളിത്തത്തോടെ. ആളും അർഥവും ഉണ്ടെങ്കിൽ അനായാസമായി ഒരു ഉത്സവം ചെയ്യാം. ഡിസി ബുക്സ് മിനിസ്ട്രിയുടെ പ്രത്യേക അനുമതി വാങ്ങിയത് കൊണ്ടാണ് സ്ഥാനം ഒഴിയാൻ തയ്യാറായിട്ടും ഞാൻ ഡയറക്ടർ ആയി തുടരുന്നത് എന്നും വ്യക്തമാക്കട്ടെ.