മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണൻ അന്തരിച്ചു
|സംസ്ഥാന ഗവർണർ, മന്ത്രി, യുഡിഎഫ് കൺവീനർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളിലെ ഗവർണർ പദവി വഹിച്ച ഏക മലയാളിയാണ് ശങ്കരനാരായണൻ.
പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ. ശങ്കരനാരായണൻ അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. വിദ്യാർഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷന്റെ പ്രവർത്തകനായിരുന്നു പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി.
പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു.
1985 മുതൽ 2001 വരെ നീണ്ട 16 വർഷം യുഡിഎഫ് കൺവീനറായിരുന്നു. 1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആന്റണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു
ആറ് സംസ്ഥാനങ്ങളിലെ ഗവർണർ പദവി വഹിച്ച ഏക മലയാളിയാണ് ശങ്കരനാരായണൻ. അരുണാചൽ പ്രദേശ് (04/09/2007 - 26/01/2008), അസം (26/06/2009 - 27/07/2009), നാഗാലാൻഡ് (03/02/2007 - 28/07/2009), ജാർഖണ്ഡ് (26/07/2009 - 21/01/2010), ഗോവ (അധികചുമതല) (27/08/2011 - 04/05/2012), മഹാരാഷ്ട്ര (22/01/2010 - 24/08/2014) എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ പദവി വഹിച്ചിട്ടുണ്ട്.
ഭാര്യ : രാധ ഏകമകൾ : അനുപമ. ആത്മകഥ: അനുപമം ജീവിതം.