Kerala
ഏത് ജയിലിൽ പോയാലും കൊടി സുനി സൂപ്രണ്ട്; വിയ്യൂരിലെ ഫോണ്‍ വിളി വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെ. സുധാകരന്‍
Kerala

'ഏത് ജയിലിൽ പോയാലും കൊടി സുനി സൂപ്രണ്ട്'; വിയ്യൂരിലെ ഫോണ്‍ വിളി വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെ. സുധാകരന്‍

Web Desk
|
21 Sep 2021 6:23 AM GMT

സർക്കാറിന്‍റെ ഒത്താശയോടെയാണ് ജയിലുകളിൽ പ്രതികൾക്ക് സുഖസൗകര്യം ലഭിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

വിയ്യൂർ ജയിലിലെ ഫോൺ വിളി വിവാദത്തിൽ ലജ്ജയുണ്ടെങ്കിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഏത് ജയിലിൽ പോയാലും അവിടത്തെ സൂപ്രണ്ടായാണ് കൊടി സുനി കഴിയുന്നത്. സർക്കാറിന്‍റെ ഒത്താശയോടെയാണ് ജയിലുകളിൽ പ്രതികൾക്ക് സുഖസൗകര്യം ലഭിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

വിയ്യൂർ ജയിലിലെ ഫോൺ വിളി വിവാദത്തിൽ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെതിരെ ഗുരുതര കണ്ടെത്തലുകളാണുണ്ടായത്. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന്‍റെ ഓഫീസിലിരുന്ന് പോലും പ്രതികൾ ഫോൺ വിളിച്ചെന്നും സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്തെന്നുമാണ് ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂപ്രണ്ട് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു എന്നതടക്കമുള്ള ആരോപണങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് ഡി.ഐ.ജി എം.കെ വിനോദ് കുമാർ ജയിൽ മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനു കൈമാറി.

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി, ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് വകുപ്പുതല അന്വേഷണം നടത്തിയത്. വിയ്യൂർ ജയിലിൽ റഷീദ് അടക്കമുള്ളവർ സ്വൈര്യവിഹാരം നടത്തിയെന്നും യഥേഷ്ടം ഫോൺകോളുകൾ നടത്തിയെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലിൽ നിന്ന് പ്രതികൾ ആരെയൊക്കെ വിളിച്ചെന്നറിയാൻ പ്രത്യേക ഏജൻസി അന്വേഷിക്കണമെന്നാണ് ശിപാർശ. ഡി.ഐ.ജിയുടെ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവി പരിശോധിക്കും.

Similar Posts