'സുരേന്ദ്രാ ആളും തരവും നോക്കി കളിക്കണം'; ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിയിലേക്ക് പോകില്ലെന്ന് കെ സുധാകരൻ
|'സുരേന്ദ്രൻ പറഞ്ഞത് വിഡ്ഢിത്തം, ഇത് കേട്ടവർ ഇപ്പോഴും ചിരി നിർത്തിക്കാണില്ല'
തിരുവനന്തപുരം: തന്റെ മനസ് ബിജെപിക്കൊപ്പമെന്ന് പറഞ്ഞത് സുരേന്ദ്രന്റെ വിഡ്ഢിത്തമാണെന്ന് കെ.പിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇത് കേട്ടവർ ഇപ്പോഴും ചിരി നിർത്തിക്കാണില്ല. ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിയിലേക്ക് പോകില്ല. സുരേന്ദ്രൻ ആളും തരവും നോക്കിക്കളിക്കണമെന്നേ പറയാനുള്ളൂ എന്നും സുധാകരൻ പറഞ്ഞു.
കെ. സുധാകരന്റെ മനസ്സ് ബിജെപിക്കൊപ്പമെന്നായിരുന്നു കെ സുരേന്ദ്രൻറെ പരാമർശം. സുധാകരന്റെ അഭിപ്രായം മറ്റു നേതാക്കൾക്കും ഉണ്ട്. കേരളത്തിൽ ഓഫറുകൾ നൽകാനില്ലാത്തതു കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമായിരുന്നെങ്കില്‍ സ്ഥിതി മറിച്ചാകുമായിരുന്നു. സുധാകരനെ ചാരി ലീഗ് ഇടതു മുന്നണിയിലേക്ക് പോകാൻ ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം സുധാകരന്റെ പ്രസ്താവന നാക്കുപിഴയല്ലെന്നും ആർഎസ്എസ്സിനെ വെള്ളപൂശാനുള്ള അജണ്ടയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. വിഷയത്തിൽ കോൺഗ്രസും യുഡിഎഫ് ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.
ആർഎസ്എസ് അനുകൂല പ്രസ്താവനയില്‍ കോണ്‍ഗ്രസിലും ഒറ്റപ്പെടുകയാണ് കെ സുധാകരന്‍. ഘടകകക്ഷികള്‍ക്ക് പിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശനും സുധാകരന്റെ പ്രസ്താവനയില്‍ എതിർപ്പറിയിച്ചു. തുടർച്ചയായുള്ള സുധാകരന്റെ വിവാദപരാമർശങ്ങളെ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് സതീശന്‍ പറഞ്ഞു. സുധാകരൻ തിരുത്തിയത് കൊണ്ട് മാത്രം കാര്യമില്ലെന്ന് കെ മുരളീധരൻ എംപിയും പ്രതികരിച്ചു.
ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണമൊരുക്കാൻ താൻ ആളെ വിട്ടിരുന്നു എന്നാണ് രണ്ട് ദിവസം മുമ്പ് എം.വി.ആർ അനുസ്മരണത്തിൽ സുധാകരൻ പറഞ്ഞത്. ഇന്നലെ ജവഹർ ലാൽ നെഹ്‌റു ശ്യാമപ്രസാദ് മുഖർജിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതടക്കം ഉന്നയിച്ച് ന്യായീകരിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായത്. സുധാകരന്റെ വിവാദ പരാമർശം ചർച്ച ചെയ്യാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈയാഴ്ച യോഗം ചേരും.