Kerala
ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയ മുഖ്യമന്ത്രി നാടിന് അപമാനം: കെ. സുധാകരൻ
Kerala

ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയ മുഖ്യമന്ത്രി നാടിന് അപമാനം: കെ. സുധാകരൻ

Web Desk
|
7 Jun 2022 12:49 PM GMT

ഇ. ഡി യുടെ അന്വേഷണം സുതാര്യമായിരുന്നില്ല കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്കു വെളിപ്പെടുത്തി സ്വപ്‌ന സുരേഷ് മൊഴി നൽകിയതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തി എന്നത് തീരാ കളങ്കം, ഒരു നിമിഷം മുഖ്യമന്ത്രി കസേരയിലിരിക്കാൻ പിണറായി യോഗ്യനല്ലെന്ന് സുധാകരൻ പറഞ്ഞു. സ്വപ്‌നയുടെ വെളിപ്പെടുത്തൽ അമ്പരപ്പിക്കുന്നത്. പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്ന് പിബി തീരുമാനിക്കട്ടെ എന്നും സുധാകരൻ കൂട്ടിച്ചേർത്തു.

''ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഉൾപ്പെടുന്നത്. മുഖ്യമന്ത്രിയും കുടുംബവും ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തി എന്നത് തീരാ കളങ്കം പിണറായി നാടിന് അപമാനം. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ പിണറായി യോഗ്യൻ അല്ല പൊതു രംഗത്ത് നിന്നും മാറി നിൽക്കാനുള്ള ധാർമിക മര്യാദ മുഖ്യമന്ത്രി കാണിക്കണം.'' സുധാകരൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ബി ജെ പി നേതാക്കളുമായി ധാരണയിൽ എത്തി, ഇ ഡി യുടെ അന്വേഷണം സുതാര്യമായിരുന്നില്ല കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെയാണ് ഇതാദ്യമായി സ്വപ്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ മറന്നുവച്ച കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചത്.

''മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രൻ, മുൻമന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി ദുബൈയിൽ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. കോൺസുലേറ്റിൽ സെക്രട്ടറിയെന്ന നിലയ്ക്ക്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയിട്ടുണ്ട്, അത് എത്രയും പെട്ടെന്ന് ദുബൈയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.''-സ്വപ്‌ന വെളിപ്പെടുത്തി.

Similar Posts