Kerala
സെൻട്രൽ ജയിലിലിരിക്കെ ആകാശ് തില്ലങ്കേരിക്ക് കാമുകിയുമായി രമിക്കാൻ പ്രത്യേക മുറി; ആരോപണവുമായി കെ സുധാകരൻ
Kerala

'സെൻട്രൽ ജയിലിലിരിക്കെ ആകാശ് തില്ലങ്കേരിക്ക് കാമുകിയുമായി രമിക്കാൻ പ്രത്യേക മുറി'; ആരോപണവുമായി കെ സുധാകരൻ

Web Desk
|
30 Jun 2021 6:51 AM GMT

"ആകാശ് തില്ലങ്കേരിയെ പുറത്താക്കി എന്നാണ് പാർട്ടി പറയുന്നത്. ഇതൊക്കെ സാമാന്യബുദ്ധിയുള്ള ആളുകളുടെ മുമ്പിൽ നടത്തുന്ന നാടകമാണ്"

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ ആകാശ് തില്ലങ്കേരി തടവിൽ കഴിയുമ്പോൾ കാമുകിയുമായി സംസാരിക്കാനും രമിക്കാനും സൗകര്യം ഒരുക്കി നൽകിയെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ. കൊടി സുനിയാണ് ജയിലിലെ സൂപ്രണ്ട് എന്നും സുധാകരൻ പരിഹസിച്ചു. പാർട്ടിയും പ്രതികളും പരസ്പര സഹായ സംഘങ്ങളാണ് എന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

'ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ജയിലിലേക്ക് കൊടിസുനിയും കിർമാണി മനോജും സഹപ്രവർത്തകന്മാരും ജയിലിൽ പോയ ശേഷം കണ്ണൂരിലെ സെൻട്രൽ ജയിലിലെ സാഹചര്യം ഞാൻ എത്രയോ തവണ നിങ്ങളുടെ മുമ്പിൽ ഞാൻ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഇന്നലെ ചാനലിൽ പറയുന്നത് കേട്ടു, വളരെ ലാഘവത്തിൽ. കുറ്റം ചെയ്തവരെ ആരെയും ഞങ്ങൾ ഉൾക്കൊള്ളില്ല. ഈ പറയുന്ന ആരെയെങ്കിലും ഒന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് നട്ടെല്ലോടെ അതു പറയാൻ മുഖ്യമന്ത്രിക്ക് അതു സാധിക്കുമോ? ഞാൻ വെല്ലുവിളിക്കുകയാണ്. കൊടി സുനിക്കെതിരെ നടപടി സ്വീകരിക്കാൻ ഇവർക്ക് സാധിക്കുമോ? കിർമാണി മനോജിനെതിരെ നടപടി സ്വീകരിക്കാൻ സിപിഎമ്മിന് സാധിക്കുമോ? പാർട്ടിയും പ്രതികളും പരസ്പര സഹായസംഘങ്ങളാണ്. ആകാശ് തില്ലങ്കേരിയെ പുറത്താക്കി എന്നാണ് പാർട്ടി പറയുന്നത്. ഇതൊക്കെ സാമാന്യബുദ്ധിയുള്ള ആളുകളുടെ മുമ്പിൽ നടത്തുന്ന നാടകമാണ്. ഇവരൊക്കെ ഇന്നും സിപിഎമ്മിന്റെ പാർട്ട് ആൻഡ് പാർഷ്യൽ ആണ് എനിക്ക് തെളിവുകൾ സഹിതം പറയാനാകും'- സുധാകരൻ പറഞ്ഞു.

'കൊടി സുനി പാർട്ടിയിൽ ഇല്ലെങ്കിൽ ജയിലിൽ ഇത്രയും സൗകര്യങ്ങൾ ആരുടെ തണലിലാണ്? നിങ്ങൾ സെൻട്രൽ ജയിലിൽ പോയിട്ടുണ്ടോ? അവിടെ അദ്ദേഹമാണ് ജയിൽ സൂപ്രണ്ട്. അദ്ദേഹത്തിന് കീഴിലാണ് അവിടത്തെ ജയിൽ സൂപ്രണ്ട്. എതിർത്തു പറയുന്ന ഒരു ഉദ്യോഗസ്ഥനെ കാട്ടിത്തന്നാൽ നിങ്ങൾക്ക് ഞാൻ അവാർഡ് തരാം. അവിടെ പരസ്യമായി മൊബൈൽ ഉപയോഗിച്ചു. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നു. അദ്ദേഹത്തിന്റെ സെല്ലിന് പരിസരത്ത് ആരു നിൽക്കണം എന്ന് തീരുമാനിക്കുന്നത് ജയിൽ സൂപ്രണ്ടല്ല. കൊടി സുനിയാണ്. അവിടെ ആകാശ് തില്ലങ്കേരി തടവുകാരനായി ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ കാമുകിയുമായി സംസാരിക്കാനും രമിക്കാനും അവിടെ പ്രത്യേക സമയവും മുറിയും കൊടുത്തത് നിങ്ങൾക്കറിയുമോ? ആരാ സഹായിക്കുന്നത് പിന്നെ? എന്നിട്ട് നാണമില്ലാതെ പുറത്താക്കി പുറത്താക്കി എന്ന് പറയുകയാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇവരുടെ കൈയിലെല്ലാം നിങ്ങളുടെ ദുഷിച്ച് നാറിയ രഹസ്യങ്ങളുണ്ട്. ആകാശ് തില്ലങ്കേരി പറഞ്ഞില്ലേ എനിക്ക് പ്രതികരിക്കേണ്ടി വരുമെന്ന്. എന്തേ അദ്ദേഹം അങ്ങനെ പറഞ്ഞത്. ഡിവൈഎഫ്‌ഐയുടെ സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോൾ ആകാശ് തില്ലങ്കേരിയുടെ ഉത്തരമെന്താ? പ്രതികരണം പ്രതീക്ഷിക്കാം. തീർന്നില്ലേ, കാലുപിടിച്ചില്ലേ പോയിട്ട്. പ്രതികരണം വന്നോ? ഇല്ലല്ലോ. വന്നില്ല. എന്തു കൊണ്ടാ. നിങ്ങൾക്കതിനുള്ള തന്റേടമില്ല. കഴിവും സ്വാതന്ത്ര്യവുമില്ല. നിങ്ങളുടെ കൈയിൽ വിലങ്ങുവയ്ക്കപ്പെട്ടിരുന്നു. പറയുകയാണെങ്കിൽ നേരം വെളുക്കുന്നതു വരെ പറയാനുണ്ട്. നേതാക്കൾ പറഞ്ഞാൽ അനുസരിക്കാൻ അവർക്ക് റോൾ മോഡൽ ആരാ, ബിംബം പോലെ ആരാധിക്കുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനും തന്നെയാണ്. എങ്ങനെയാണ് പണം സമ്പാദിക്കേണ്ടത് എന്ന് അവർ അനുഭവത്തിൽ നിന്ന് പഠിപ്പിക്കുന്നുണ്ട്. അവരും ആ വഴി തേടുന്നു. അവരെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം?' - സുധാകരൻ ചോദിച്ചു.

'പരീക്ഷ മാറ്റിവയ്ക്കണം'

പരീക്ഷകൾ മാറ്റിവെക്കാൻ തയ്യാറാകാത്തത് സർക്കാരിന്റെ ഏകധിപത്യ തീരുമാനമാണെന്ന് കെ.സുധാകരൻ ആരോപിച്ചു. ഒരു തരത്തിലുള്ള കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് കുട്ടികൾ പരീക്ഷ എഴുതാൻ പോകുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും വിഷയത്തിൽ നിർബന്ധ ബുദ്ധിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജീവനല്ലേ വലുതെന്നും സുധാകരൻ പറഞ്ഞു. മുമ്പ് കഴിഞ്ഞ പല പരീക്ഷകളുടെയും ഫലങ്ങൾ വന്നിട്ടില്ല, പരീക്ഷയാണോ വലുത് അതോ ജീവനോ. ഒരു മനുഷ്യത്വമുള്ള സർക്കാർ അത് ചിന്തിക്കണ്ടേ. വിദ്യാർഥികൾക്ക് വാക്‌സിനേഷൻ ഇനിയും നൽകാൻ സാധിച്ചിട്ടില്ല, ഈ സാഹചര്യത്തിൽ എന്തിനാണ് തിരക്കിട്ട് പരീക്ഷ നടത്തുന്നത്. സർക്കാരിന് വാശിയാണ്, ആരോടാണ് വാശിയെന്നും എന്തിനാണ് വാശിയെന്നും സുധാകരൻ ചോദിച്ചു.

കേരളത്തേക്കാൾ കോവിഡ് കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിൽ ടി.പി.ആർ കുറഞ്ഞു. എന്താണ് കേരളത്തിൽ ചെയ്ത മുൻകരുതലെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ പറയണം. സംസ്ഥാനത്ത് ടി.പി.ആർ കുറയാത്തതിൽ നിന്നും സർക്കാർ നടപടികൾ ഫലപ്രദമല്ലെന്ന് വ്യക്തമാക്കുകയാണെന്നും സുധാകരൻ വ്യക്തമാക്കി.

കോവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് രേഖപ്പെടുത്താത്ത കോവിഡ് മരണം നിരവധിയെന്നും അദ്ദേഹം ആരോപിച്ചു. തന്റെ സഹോദരന്റെ മരണം ഉദാഹരിച്ചാണ് സുധാകരന്റെ ആരോപണം. കോവിഡാനന്തര രോഗങ്ങളെ തുടർന്ന് മരിച്ചവരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts