'അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ. സുധാകരൻ
|എല്ലാകാലവും ഐക്യ ജനാധിപത്യ മുന്നണി സമാധാനം പാലിക്കില്ലെന്ന് സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഖജനാവ് കാലിയാക്കുന്നു എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ. ട്രോളാണെങ്കിലും എത്ര വലിയൊരു യാഥാർഥ്യമാണതെന്ന് അദ്ദേഹം ചോദിച്ചു.
എല്ലാകാലവും ഐക്യ ജനാധിപത്യ മുന്നണി സമാധാനം പാലിക്കില്ല. ക്രമസമാധാന തകർച്ചയില്ലാതെ ഏതറ്റംവരെയുള്ള സമരവുമായും മുന്നോട്ടുപോകാൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല. അതിന്റെ മുന്നിൽ എല്‍ഡിഎഫിനെ ഞങ്ങൾ മുട്ടുകുത്തിക്കുമെന്നും സുധാകരൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്ന് യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴ് മുതൽ തന്നെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയലിന് തുടക്കം കുറിച്ചിരുന്നു. എട്ട് മണിയോടെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവർത്തകരും ഒമ്പത് മണിയോടെ ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവർത്തകരും സമരത്തിൽ അണിചേർന്നു. സർക്കാരിന്റെ നയങ്ങൾ ജനദ്രോഹമാണെന്ന് കുറ്റപ്പെടുത്തിയാണ് സമരം.
വിവാദപരമ്പരകൾക്കിടെയാണ് രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം ഇന്ന് നടക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് മുതൽ എഐ ക്യാമറ വരെ എത്തി നിൽക്കുന്ന വിവാദങ്ങൾ സർക്കാരിനെ വരിഞ്ഞ് മുറിക്കിയിട്ടുണ്ട്. ദേശീയ പാത വികസനത്തിൻറെ വേഗതയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സർവേയും സർക്കാരിൻറെ നേട്ടങ്ങളാണ്. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ തദ്ദേശമന്ത്രിസ്ഥാനത്തേക്ക് എംബി രാജേഷിനെ കൊണ്ട് വന്നതും മന്ത്രിസഭയിലെ ഏക മാറ്റമായി.