കത്ത് വിവാദം: ആര്യാ രാജേന്ദ്രൻ രാജി വെക്കണമെന്ന് കെ.സുധാകരൻ
|രാജി വെച്ചില്ലെങ്കിൽ മിനിമം മാപ്പ് പറയാനുള്ള മര്യാദയെങ്കിലും ആര്യ കാണിക്കണമെന്നും സുധാകരൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സർക്കാരിന്റെ പൊതു രീതിയാണ് മേയർ നടപ്പാക്കിയതെന്നും രാജി വെച്ചില്ലെങ്കിൽ മിനിമം മാപ്പ് പറയാനുള്ള മര്യാദയെങ്കിലും ആര്യ കാണിക്കണമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
"ആര്യ രാജി വയ്ക്കണം എന്ന് തന്നെയാണ് പറയാനുള്ളത്. രാജി വെച്ചില്ലെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയാനുള്ള മര്യാദയെങ്കിലും കാണിക്കണം. കേരളത്തിലെ പൊലീസിന്റെ സമീപനവും പറയണം. തലശേരിയിൽ കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച ഒരു ക്രിമിനലിനെ വിട്ടയച്ചു എന്നത് രാഷ്ട്രീയപ്രേരിതമല്ലെന്ന് എങ്ങനെ പറയും. പിന്നീട് സംഭവം വിവാദമായതോടെയല്ലേ നടപടിയെടുത്തത്. നേതാക്കന്മാർ മണിക്കൂറുകൾ വെച്ചാണ് പൊലീസിനെ വിളിക്കുന്നത്. നീതി നടപ്പിലാക്കാനുള്ള ആർജ്ജവമില്ലെങ്കിൽ കാക്കി യൂണിഫോം അഴിച്ചു വെച്ച് പോകണം. സിപിഎമ്മിന്റെ അടിമകളാണ് ഇന്ന് പൊലീസ്". കെ.സുധാകരൻ പറഞ്ഞു.
കത്ത് വിവാദം പ്രതിപക്ഷമേറ്റെടുത്തതോടെ മേയർക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. മേയറെ പാവയാക്കി സിപിഎം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ബിജെപി കത്ത് വിവാദം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അറിയിച്ചു. ഇത് സംബന്ധിച്ച് നാളെ മുപ്പത്തിയഞ്ച് കൗൺസിലർമാർ ഗവർണറെ കാണും.