Kerala
K Sudhakaran expressed his regret on remark on  KG George,k sudhakaran condoles KG George, K Sudhakaran KG George,കെ.ജി ജോർജ് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് സുധാകരൻ,കെ. സുധാകരൻ,കെ.ജി ജോര്‍ജ് , സംവിധായകന്‍ കെ.ജി ജോര്‍ജ്,കെ.ജി ജോര്‍ജിനെ അനുസ്മരിച്ച് കെ.സുധാകരന്‍
Kerala

'പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല'; കെ.ജി ജോർജ് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് കെ. സുധാകരൻ

Web Desk
|
24 Sep 2023 3:05 PM GMT

കെ.ജി ജോർജിന്റെ മരണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്നു അദ്ദേഹം എന്നായിരുന്നു സുധാകരൻ നൽകിയ മറുപടി

തിരുവനന്തപുരം: സംവിധായകൻ കെ.ജി ജോർജിന്റെ വിയോഗത്തിൽ ആളുമാറി അനുശോചിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്നു അദ്ദേഹം എന്നായിരുന്നു കെ.ജി ജോർജിന്റെ മരണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുധാകരൻ നൽകിയ മറുപടി. ഇത് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്നാണ് പ്രതികരണവുമായി സുധാകരൻ എത്തിയത്.

കെ.ജി ജോർജ് ആണ് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് മനസ്സിലായിരുന്നില്ലെന്നും സമാനപേരിലുളള പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നതെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല. വീഴ്ചകളിൽ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകർക്കും കെ.ജി ജോർജിനെ സ്‌നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും സുധാകരൻ പറഞ്ഞു. എണ്ണം പറഞ്ഞ കലാസൃഷ്ടികൾ കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ.ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കെ.സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ന് രാവിലെ കെ. ജി ജോർജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോൾ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവർത്തകൻ കെ ജി ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.

സമാനപേരിലുളള എന്റെ പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു.

പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല. വീഴ്ചകളിൽ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകർക്കും കെ ജി ജോർജിനെ സ്‌നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു.

എണ്ണം പറഞ്ഞ കലാസൃഷ്ടികൾ കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.


Similar Posts