കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു; നാളെ ചുമതല ഏറ്റെടുക്കും
|അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു
തിരുവന്തപുരം: കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്കു മടങ്ങിയെത്തും. നാളെ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. ചുമതലയേൽക്കാൻ എ.ഐ.സി.സി അനുമതി നൽകി. നേരത്തെ മടങ്ങിവരവ് നീളുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കെ.പി.സി സി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നില്ല. ഉടൻ സ്ഥാനം ഏറ്റെടുക്കും. ഹൈക്കമാൻഡുമായി ആലോചിച്ചായിരിക്കും സ്ഥാനം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ അദ്ദേഹം വിമർശിച്ചു. പിണറായി വിജയന് തലയ്ക്ക് വെളിവില്ലേ? ആലയിൽനിന്ന് പശു ഇറങ്ങിപ്പോയ പോലെയാണ് വിദേശത്ത് പോയത്. ആർക്കും ചുമതല കൊടുത്തിട്ടില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. സ്‌പോൺസർഷിപ്പ് ആണെങ്കിൽ അത് പറയണമെന്നും രാഷ്ട്രീയ ഉത്തരവാദിത്തമുണ്ടെന്നും സുധാകരൻ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളുമെന്നാണു നേരത്തെ വാർത്തയുണ്ടായിരുന്നത്. ജൂൺ നാലു വരെ ആക്ടിങ് പ്രസിഡന്റ് തുടരാൻ ഹൈക്കമാൻഡ് നിർദേശിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
കെ. സുധാകരൻ സ്ഥാർഥിയായതോടെയാണ് എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയത്. തെരഞ്ഞെടുപ്പിനുശേഷം അവലോകനയോഗം വിളിച്ചതും ഹസനായിരുന്നു.
Summary: K. Sudhakaran will return to the post of KPCC president, will officially take charge tomorrow