എന്തു കെ.വി തോമസ്, എന്ത് എഫക്ട്; പരിഹാസവുമായി കെ. സുധാകരന്‍
|സ്വന്തം പഞ്ചായത്തില്‍ പോലും പത്ത് വോട്ട് തോമസിന്‍റെ വകയില്‍ പോയിട്ടില്ല
കണ്ണൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.വി തോമസ് ഒരു എഫക്ടുമുണ്ടാക്കിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. എന്തു കെ.വി തോമസ്? ഉത്സവം നടക്കുന്നിടത്ത് കൊണ്ടുപോയി ചെണ്ട കൊട്ടിയിട്ട് വെറുതെ ആളെ ഞെട്ടിക്കുകയാണോ? കെ.വി തോമസിന് എന്തു എഫക്ടാണ് ഉണ്ടാക്കാന്‍ സാധിച്ചത്. സ്വന്തം പഞ്ചായത്തില്‍ പോലും പത്ത് വോട്ട് തോമസിന്‍റെ വകയില്‍ പോയിട്ടില്ല...സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കള്ളവോട്ട് ചെയ്തെങ്കില്‍ ഇതാണ് ഫലം. അങ്ങനെയാണെങ്കില്‍ കള്ളവോട്ട് ചെയ്തില്ലായിരുന്നെങ്കില്‍ എല്‍.ഡി.എഫിന്‍റെ അവസ്ഥ എന്താകുമായിരുന്നു. കോണ്‍ഗ്രസിന്‍റെ പുതിയ പ്രവര്‍ത്തനശൈലി കേരളം നോക്കിക്കണ്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരാജയം ജനവിധിയായി മാനിച്ചുകൊണ്ട് എല്‍.ഡി.എഫ് തിരുത്താന്‍ തയ്യാറാകണം. തൃക്കാക്കര ഫലം വന്നതോടെ ക്യാപ്റ്റൻ നിലംപരിശായി. പിണറായി വിജയന്‍റെ നേതൃത്വത്തിലായിരുന്നു മണ്ഡലത്തിൽ പ്രചാരണം നടത്തിയതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.